തല നരച്ച അജിത്, ഒരിക്കലും നരയ്ക്കാത്ത മലയാളി താരങ്ങള്‍!
WEBDUNIA|
PRO
മലയാളത്തിലെ ചില സൂപ്പര്‍താരങ്ങള്‍ മേക്കപ്പ് ചെയ്യാതെ പുറത്തിറങ്ങില്ലെന്നാണ് ആരോപണം. അത് സത്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. സിനിമയ്ക്കുപുറത്തും കട്ടിമേക്കപ്പും പച്ചച്ചിരിയുമായി താരങ്ങള്‍ ഇറങ്ങിവരുമ്പോള്‍ ഉള്ളിന്‍റെയുള്ളിലെങ്കിലും പൊതുജനം അടക്കിച്ചിരിക്കാറുണ്ടെന്നതും വാസ്തവം.
തമിഴ്നാട്ടിലേക്ക് നോക്കൂ. നരച്ച തലയുമായി അവിടുത്തെ വലിയ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. മേക്കപ്പ് സിനിമയില്‍ മാത്രം. അതിലും ഒരുപടികൂടി കടക്കുകയാണ് ‘തല’ അജിത്. സിനിമയിലും ഇനിമുതല്‍ തനിക്ക് മേക്കപ്പ് വേണ്ട എന്നാണ് അജിത്തിന്‍റെ തീരുമാനം. ‘മങ്കാത്ത’ മുതല്‍ തീരുമാനം നടപ്പാക്കിത്തുടങ്ങി. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മേക്കപ്പില്ലാത്ത അജിത്തിനെ കാണാം.
ജൂണ്‍ മൂന്നിന് മുംബൈയില്‍ അജിത്ത് പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ പങ്കെടുത്തുതുടങ്ങി. ‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ ലുക്ക് തലയുമായാണ് താരത്തിന്‍റെ വരവ്. നരച്ച തലയും താടിയും. തനിക്ക് എന്ത് പ്രായമുണ്ടോ അതേ പ്രായമായിരിക്കണം കഥാപാത്രത്തിനും എന്ന ഒരേ ഒരു നിര്‍ദ്ദേശമാണ് തിരക്കഥയെഴുതുമ്പോള്‍ വിഷ്ണുവര്‍ദ്ധന് അജിത് നല്‍കിയതത്രെ.
ഇനി പറയൂ, മലയാളത്തിലെ ഏത് താരം ഇത്രയും ധൈര്യം കാണിക്കും? ഇന്നലെ കയറിവന്ന ഫഹദ് ഫാസിലിനുള്ള ധൈര്യം പോലുമില്ലാത്തവരാണ് മലയാളത്തിലെ സൂപ്പര്‍താരങ്ങളെന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ അസ്വസ്ഥത തോന്നേണ്ട കാര്യമുണ്ടോ?