തുടക്കം വളരെ സാവധാനമായിരുന്നു. പലരും പറഞ്ഞു - “ലാല്‍ ജോസിന്‍റെ പഴയ ചിത്രങ്ങളുടെ ആവേശമില്ല”. തിയേറ്ററുകളിലും ആദ്യ ദിനങ്ങളില്‍ തണുത്ത പ്രതികരണം. നിരൂപകരും ശരാശരി മാത്രമെന്ന് വിധിയെഴുതി. എന്നാല്‍ ‘ഡയമണ്ട് നെക്ലേസ്’ എന്ന സിനിമ റിലീസായി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പതിവ് ലാല്‍ ജോസ് മാജിക് ആവര്‍ത്തിച്ചു. ചിത്രം കത്തിക്കയറാന്‍ തുടങ്ങി.
ലാല്‍ ജോസിന്‍റെ മറവത്തൂര്‍ കനവും മീശമാധവനും അറബിക്കഥയും ക്ലാസ്മേറ്റ്സുമെല്ലാം ഇങ്ങനെതന്നെയായിരുന്നു. പതിഞ്ഞ തുടക്കം. ഒടുവില്‍ മഹാവിജയം. ലോ ബജറ്റില്‍ ചിത്രീകരിച്ച, താരബഹളമില്ലാത്ത ഡയമണ്ട് നെക്ലേസ് വന്‍ വിജയത്തിലേക്ക് കുതിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
24 സെന്‍ററുകളില്‍ മാത്രം റിലീസ് ചെയ്ത സിനിമ നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ 42 സെന്‍ററുകളായി വര്‍ദ്ധിച്ചിട്ടുണ്ട്. ചിത്രം അക്ഷരാര്‍ത്ഥത്തില്‍ കറുത്ത കുതിരയായി മാറി. ഗ്രാന്‍റ്മാസ്റ്റര്‍ എന്ന വമ്പന്‍ ചിത്രത്തെയും മറികടന്നാണ് ഡയമണ്ട് നെക്ലേസിന്‍റെ മുന്നേറ്റം. ലാല്‍ ജോസിന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമാണിതെന്നതും പ്രത്യേകതയാണ്.
ഫഹദ് ഫാസില്‍, സംവൃത സുനില്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഡയമണ്ട് നെക്ലേസ് ഉള്ളടക്കം കൊണ്ടാണ് ശ്രദ്ധേയമായത്. അറബിക്കഥയ്ക്ക് ശേഷം ലാല്‍ ജോസ് - ഇക്ബാല്‍ കുറ്റിപ്പുറം ടീമിന്‍റെ മറ്റൊരു ചിത്രം കൂടി വന്‍ ഹിറ്റാകുമ്പോള്‍ അത് നല്ല സിനിമയുടെ വിജയം കൂടിയാണ്.