ജെന്റില്‍മാന്‍ പെര്‍ഫെക്ടല്ല; ആവറേജ് മാത്രം!

ജെസി സാമുവല്‍

PRO
PRO
ഒന്നാം പകുതി ഒരു പക്കാ കോമഡി പടമാക്കി തീര്‍ക്കാന്‍ ഷാജോണിന്റെ സാന്നിധ്യത്തിന് കഴിയുന്നുണ്ട്. മോഹന്‍ലാലിന്റെ ഇന്‍‌ട്രൊഡെക്ഷന്‍ മികവുറ്റതാക്കാന്‍ സംവിധായകനു കഴിഞ്ഞു. പക്ഷേ എവിടെയൊക്കെയോ ഒരു ഇഴച്ചിലും സാദൃശ്യങ്ങളും രണ്ടാം പകുതിയില്‍ നിരാശപ്പെടുത്തി. പ്രതീക്ഷക്കപ്പുറത്തേക്ക് വളരാത്ത വെറും സാധാരണ ക്ലൈമാക്സിലൂടെ ചിത്രം തീര്‍ന്നപ്പോള്‍ എന്തൊക്കെയോ പോരായ്മ അനുഭവപ്പെടുക സാധാരണം. പക്ഷേ ചില നല്ല വശങ്ങള്‍ കാണാതിരുന്നു കൂടാ.

ഒരു ഇരട്ട സസ്പെന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട് സിദ്ധിക്ക്. ഒന്ന് ഇടവേളയ്‌ക്ക് തൊട്ട് മുമ്പും മറ്റൊന്ന് ക്ലൈമാക്‌സ് രംഗത്തുമാണ്. ചിത്രത്തില്‍ കോമഡി ഇല്ലാത്ത ഗൌരവ സീനുകളില്‍ നാടകീയത ഉള്‍ക്കൊള്ളിക്കാനും സംവിധായകന്‍ മറന്നില്ല. പ്രശ്‌ന പരിഹാരങ്ങള്‍ക്കെല്ലാം ഏഴ് ദിവസമാണ് ബോസിന്റെ ടാര്‍ജറ്റ്. ‘’ഇറ്റ്സ് എ ജെന്റില്‍മാന്‍സ് പ്രോമിസ്’ എന്നാണ് ഇതെക്കുറിച്ച് ബോസിന്റെ വിശേഷണം. നായിക കഥാപാത്രങ്ങളായ മീരാ ജാസ്‌മിന്‍, മിത്രാ കുര്യന്‍, മം‌മ്ത, പത്മപ്രിയ എന്നിവര്‍ക്കും യുവതാരം കൃഷിനും മികച്ച വേഷങ്ങള്‍ നല്‍കാന്‍ സംവിധായകന് കഴിഞ്ഞു. രതീഷ് വേഗയാണ് സംഗീതസംവിധാനം.

സ്പിരിറ്റില്‍ നമ്മള്‍ കണ്ട ജീനിയസ് കുടിയനാണ് ജെന്റില്‍മാനിലെ ബോസും. ഒരു വ്യത്യാസം മാത്രം കക്ഷിക്ക് കുറച്ച് കോമഡി അറിയാം. പിന്നെ ഇന്നത്തെ ചിന്താവിഷയത്തില്‍ നല്‍കുന്ന പോലെ കുറച്ച് ഉപദേശമൊക്കെ നായികമാര്‍ക്ക് നല്‍കുന്നുമുണ്ട്. ഹലോയിലെയും സ്പിരിറ്റിലെയും കുടിയന്മാരുടെ ഒരു ബ്ലെന്‍ഡാണ്. പക്ഷേ ലോക്പാലും റെഡ് വൈനും തീര്‍ത്ത പരാജയത്തിന്റെ കയ്പ് കുറയ്ക്കാന്‍ ലാലിന് ജെന്റില്‍മാനിലൂടെ കഴിയും. കടുത്ത ലാല്‍ ആരാധകര്‍ക്കുപോലും ഒരു പാസ് മാര്‍ക്ക് നല്‍കാനുള്ള സിനിമ. അതു മാത്രമേ ലേഡീസ് ആന്‍ഡ് ജെന്റില്‍മാനെക്കുറിച്ച് പറയാന്‍ കഴിയൂ. തികച്ചും ഒരു ആവറേജ് ജെന്റില്‍മാനാണ് പ്രേക്ഷകര്‍ക്ക് ലാലിന്റെ ചന്ദ്രബോസ്. ഇനി കൂടുതല്‍ പറയാന്‍ ശക്തിയില്ല. ഫഹദിന്റെയും ദുല്‍ഖറിന്റെയും പടം കാണാനേ തീയേറ്ററിലേക്കുള്ളൂ എന്ന പ്രതിജ്ഞയോടെ ഞാന്‍ ഇറങ്ങി. എന്തായാലും ഒരു മൂന്നു ഭാഷയിലെങ്കിലും റീമേക്കും പ്രതീക്ഷിക്കാം. അതില്‍ എന്തായാലും മോഹന്‍ലാല്‍ ആവില്ല നായകന്‍.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :