ഒരു ചെറുകാറ്റ്, ഇപ്പോള്‍ അതൊരു കൊടുങ്കാറ്റായി മാറിയിരിക്കുന്നു. ‘ആമേന്‍’ എന്ന സിനിമ ബോക്സോഫീസ് വിസ്മയം സൃഷ്ടിക്കുകയാണ്. വന്‍ താരങ്ങളുടെ സിനിമകളെ മറികടന്ന് ആമേന്‍ നേടുന്ന വിജയം പരീക്ഷണ സിനിമകളെ സ്നേഹിക്കുന്ന സിനിമാപ്രവര്‍ത്തകരെ ആവേശഭരിതരാക്കുന്നു.
ഒരു ഉട്ടോപ്യന്‍ വില്ലേജില്‍ നടക്കുന്ന സാങ്കല്‍പ്പിക കഥയെ തങ്ങളെ സ്വന്തം കഥയാക്കി മാറ്റുകയാണ് മലയാളി പ്രേക്ഷകര്‍. ചിത്രത്തിലെ കറുത്ത ഹാസ്യം തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുയര്‍ത്തുന്നു.
കഴിഞ്ഞവാരം മൂന്ന് മലയാള ചിത്രങ്ങളാണ് റിലീസായത്. മോഹന്‍ലാലിന്‍റെ റെഡ്‌വൈന്‍, കുഞ്ചാക്കോ ബോബന്‍ - ബിജുമേനോന്‍ ടീമിന്‍റെ 3 ഡോട്ട്‌സ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേന്‍’. ഈ സിനിമകളില്‍ പ്രേക്ഷകരുടെ മൂന്നാമത്തെ ചോയ്സ് മാത്രമായിരുന്നു ആദ്യ ദിനങ്ങളില്‍ ആമേന്‍. എന്നാല്‍ സിനിമയുടെ ക്വാളിറ്റി തിരിച്ചറിഞ്ഞതോടെ മറ്റുസിനിമകളെ ബഹുദൂരം പിന്നിലാക്കി ആമേന്‍ കുതിക്കുകയാണ്.
ഫഹദ് ഫാസിലും ഇന്ദ്രജിത്തും സ്വാതി റെഡ്ഡിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഒരു സാധാരണ സിനിമാക്കഥ അസാധാരണമായ ട്രീറ്റുമെന്‍റിലൂടെ അത്ഭുതവിജയം കൈവരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
ഇതുപോലെ ഒരു സിനിമ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല എന്ന് കണ്ടവര്‍ തമ്മില്‍ തമ്മില്‍ പറയുന്നു. റിപ്പീറ്റ് ഓഡിയന്‍സിന്‍റെ വര്‍ദ്ധനവ് ചിത്രത്തെ വന്‍ വിജയമാക്കുമെന്നാണ് ട്രേഡ് വിദഗ്ധര്‍ വിലയിരുത്തുന്നത്.