ആദ്യ മൂന്നുദിനങ്ങള്‍ - ബാഹുബലിയുടെ കളക്ഷന്‍ 165 കോടി, ഷാരുഖിനെ മലര്‍ത്തിയടിച്ചു!

ബാഹുബലി, പ്രഭാസ്, എസ് എസ് രാജമൌലി, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified തിങ്കള്‍, 13 ജൂലൈ 2015 (15:28 IST)
ബോക്സോഫീസ് വിസ്മയമാകുകയാണ് ബാഹുബലി. ആദ്യ മൂന്നുദിവസങ്ങള്‍ക്കുള്ളില്‍, ലോകമെമ്പാടുനിന്നുമായി സിനിമ സ്വന്തമാക്കിയത് 165 കോടി രൂപയാണ്. ഇന്ത്യയിലെ ബോക്സോഫീസ് തമ്പുരാക്കന്‍‌മാരെ അമ്പരപ്പിച്ചുകൊണ്ടാണ് ബാഹുബലിയുടെ പടയോട്ടം. ചിത്രത്തിന്‍റെ മൊത്തം ചെലവ് 250 കോടി രൂപയാണെന്നിരിക്കെ ബുധനാഴ്ചയോടെ മുടക്കുമുതല്‍ തിരിച്ചുപിടിച്ച് ബാഹുബലി റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് വിവരം.
 
പ്രഭാസ്, റാണ ദഗ്ഗുബാട്ടി, തമന്ന, അനുഷ്ക ഷെട്ടി എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിന്‍റെ മഹാവിജയത്തിന്‍റെ യഥാര്‍ത്ഥ കാരണക്കാരന്‍ എസ് എസ് രാജമൌലി എന്ന ഹിറ്റ് മെഷീനാണ്. ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംവിധായകനായി ഈ ഒറ്റ സിനിമയിലൂടെ രാജമൌലി മാറിയിരിക്കുന്നു.
 
ആദ്യദിനം 50 കോടിക്കുമേല്‍ കളക്ട് ചെയ്ത ബാഹുബലി അടുത്ത രണ്ടുദിനങ്ങളിലും അതിലും മികച്ച കളക്ഷന്‍ സ്വന്തമാക്കിയതോടെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ വാരാന്ത്യ കളക്ഷന്‍ നേടുന്ന സിനിമയായി ഇത് മാറിയത്. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബില്‍ ഇടം‌പിടിച്ച ഷാരുഖ് ഖാന്‍ ചിത്രം ഹാപ്പി ന്യൂ ഇയറിന്‍റെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ആദ്യ വാരാന്ത്യത്തില്‍ 108 കോടിയായിരുന്നു ഹാപ്പി ന്യൂ ഇയറിന്‍റെ കളക്ഷന്‍.
 
അതേസമയം, ഷങ്കറിന്‍റെ യന്തിരന്‍റെ ഹിന്ദി ഡബ്ബിംഗ് പതിപ്പായ ‘റോബോട്ട്’ നേടിയ ടോട്ടല്‍ കളക്ഷനെ ആദ്യ മൂന്നു ദിനങ്ങള്‍ക്കുള്ളില്‍ മറികടക്കാന്‍ ബാഹുബലിയുടെ ഹിന്ദി പതിപ്പിനായി. റോബോട്ടിന്‍റെ ലൈഫ് ടൈം കളക്ഷന്‍ 18 കോടി രൂപയാണ്. ആദ്യ വാരാന്ത്യത്തില്‍ ബാഹുബലിയുടെ ഹിന്ദി പതിപ്പ് സ്വന്തമാക്കിയത് 20 കോടി!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :