ജോഷിയുടെ കാശ്മീരില്‍ ജയറാം‍, ദിലീപിന് അനുമതിയില്ല!

WEBDUNIA|
PRO
മോഹന്‍ലാലോ അര്‍ജുനോ ഒന്നുമല്ല, ജയറാം തന്നെയാണ് ജോഷി സംവിധാനം ചെയ്യുന്ന ‘കാശ്മീര്‍’ എന്ന ചിത്രത്തിലെ നായകന്‍. ജയറാമിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമയാണിത്. ധ്രുവം, ട്വന്‍റി20 തുടങ്ങിയ ജോഷി സിനിമകളില്‍ ജയറാം അഭിനയിച്ചിരുന്നെങ്കിലും അവയൊക്കെ നായകതുല്യ വേഷങ്ങള്‍ മാത്രമായിരുന്നു, സോളോ ഹീറോ ആയിരുന്നില്ല.

കാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്ന അന്യരാജ്യക്കാരെ നേരിടുന്ന കര്‍മ്മധീരനായ പട്ടാള ഉദ്യോഗസ്ഥനായാണ് ജയറാം ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ സിനിമ പൂര്‍ണമായും കാശ്മീരില്‍ ചിത്രീകരിക്കാനാണ് ജോഷി ഉദ്ദേശിക്കുന്നത്.

ഇവിടെ ചിത്രീകരണത്തിന് അനുമതി ലഭിക്കുക എന്നത് ഏറെ പ്രയാസമുള്ള ഒരു കടമ്പയാണ്. വളരെ കുറച്ച് പ്രദേശങ്ങളില്‍ കുറഞ്ഞ സമയം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കണമെന്ന കടുത്ത നിബന്ധനയാണ് കാശ്മീരില്‍ സിനിമ ചിത്രീകരണത്തിന് അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്.

എന്നാല്‍ നായര്‍സാബും സൈന്യവും പോലെ കാശ്മീരില്‍ വമ്പന്‍ സിനിമകള്‍ ചെയ്ത അനുഭവപരിചയം ജോഷിക്കുള്ളതിനാല്‍ ‘കാശ്മീര്‍’ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ജോഷിക്ക് പ്രയാസമുണ്ടാകില്ല. എന്നാല്‍ ജോഷിക്ക് അനുമതി ലഭിക്കുന്നതുപോലെ വേഗത്തില്‍ മറ്റ് പലര്‍ക്കും കാശ്മീരില്‍ സിനിമ ചിത്രീകരണത്തിന് അനുമതി ലഭിക്കില്ല എന്നതാണ് വാസ്തവം.

ദിലീപിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘സൌണ്ട് തോമ’ എന്ന സിനിമയിലെ ഒരു ഗാനരംഗം കാശ്മീരില്‍ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിരുന്നു. വിദേശ ലൊക്കേഷനുകളേക്കാള്‍ ഭംഗിയുള്ള ലൊക്കേഷന്‍ എന്ന നിലയ്ക്കാണ് ദിലീപും സംഘവും കാശ്മീരില്‍ പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ അവിടെ ഷൂട്ടിംഗ് നടത്താന്‍ അവര്‍ക്ക് അനുമതി ലഭിച്ചില്ല. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ആ ഗാനരംഗം വിദേശ ലൊക്കേഷനില്‍ തന്നെ ചിത്രീകരിക്കാന്‍ ‘സൌണ്ട് തോമ’ ടീം തീരുമാനിച്ചിരിക്കുകയാണ്.

അതേസമയം, ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ‘മോട്ടോര്‍സൈക്കിള്‍ ഡയറീസ്’ കുറച്ചുഭാഗങ്ങള്‍ കാശ്മീരില്‍ ചിത്രീകരിക്കുമെന്നാണ് അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :