ചെന്നൈയില്‍ ബസന്ത് നഗര്‍ ശ്മശാനത്തില്‍ തെന്നിന്ത്യയുടെ മഹാനടി എരിഞ്ഞടങ്ങി. പ്രേക്ഷകരുടെയും സിനിമാപ്രവര്‍ത്തകരുടെയും മനസില്‍ ഓര്‍മ്മകളുടെ ഒരു പൂമരമായി സുകുമാരി. അന്ത്യചടങ്ങുകള്‍ക്ക് കേരളത്തിലേതുപോലെ ഔദ്യോഗിക ബഹുമതികളുടെ ആഢംബരമില്ലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന നൂറോളം പേര്‍ മാത്രം.
ചൊവ്വാഴ്ച അന്തരിച്ച നടി സുകുമാരിയുടെ മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ ടി നഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. സിനിമാ - സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സുകുമാരിയെ അവസാനമായി ഒരുനോക്ക് കാണാനെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി മന്ത്രി ഗണേഷ് കുമാര്‍ റീത്ത് സമര്‍പ്പിച്ചു.
മമ്മൂട്ടി, ദിലീപ്, പാര്‍വതി, അനൂപ് മേനോന്‍, ലിസി, ശ്രീകുമാരന്‍ തമ്പി, കൃഷ്ണ, ജോമോള്‍, രേഖ, ഷീല, കെ ആര്‍ വിജയ തുടങ്ങിയ പ്രമുഖര്‍ ടി നഗറിലെ വസതിയിലെത്തി സുകുമാരിക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. സുകുമാരിയുടെ ഏറ്റവുമടുത്ത സുഹൃത്തും സുകുമാരിയേപ്പോലെ തന്നെ തെന്നിന്ത്യയുടെ അത്ഭുതനടിയുമായ മനോരമയും പ്രിയ കൂട്ടുകാരിയെ അവസാനമായി കാണാന്‍ എത്തിയിരുന്നു. സുകുമാരിയെ കണ്ട് മടങ്ങാനൊരുങ്ങവേ മനോരമയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.
സുകുമാരിയുടെ അന്ത്യവിശ്രമം കേരളത്തിലാകുന്നതായിരുന്നു ഉചിതമെന്നായിരുന്നു മന്ത്രി ഗണേഷിന്‍റെ അഭിപ്രായം. ചെന്നൈയില്‍ സുകുമാരിയെ സംസ്കരിക്കുന്നതില്‍ അദ്ദേഹത്തിന് പ്രതിഷേധം ഉണ്ടായിരുന്നു. “സുകുമാരിയമ്മയ്ക്ക് ഇങ്ങനെയായിരുന്നില്ല യാത്രാമൊഴി നല്‍കേണ്ടിയിരുന്നത്. കേരളത്തില്‍, ലക്ഷക്കണക്കിന് വരുന്ന സാധാരണ പ്രേക്ഷകരുടെ സാന്നിധ്യത്തില്‍, എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയും സംസ്കരിക്കണമായിരുന്നു” - ഗണേഷ് പറഞ്ഞു.
എല്ലാവരെയും സ്നേഹിക്കുന്ന, എല്ലാവരും സ്നേഹിക്കുന്ന മഹാപ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്. അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതത്തിന് തിരശീല വീണിരിക്കുന്നു. സുകുമാരി ഇനി എന്നും ജ്വലിക്കുന്ന ഓര്‍മ്മ.