കൈയെത്തും ദൂരത്ത് സിനിമയില്‍ നായകനായി അഭിനയിക്കാനെത്തിയ പൃഥ്വിരാജിനെ ഫാസില്‍ അന്ന് തിരിച്ചയച്ചു; ഫഹദ് നായകനായത് പിന്നീട്

രേണുക വേണു| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (15:17 IST)

ഫഹദ് ഫാസിലിന്റെ അരങ്ങേറ്റ ചിത്രമാണ് കൈയെത്തും ദൂരത്ത്. ഫഹദിന്റെ പിതാവ് ഫാസില്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. യഥാര്‍ഥത്തില്‍ കൈയെത്തും ദൂരത്ത് എന്ന സിനിമയില്‍ നായകനായി ആദ്യം ആലോചിച്ചത് പൃഥ്വിരാജിനെയാണ്. ഇതിനുവേണ്ടി ഫാസില്‍ പൃഥ്വിരാജിനെ വെച്ച് സ്‌ക്രീന്‍ ടെസ്റ്റ് വരെ നടത്തിയിരുന്നു. ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.

'ഒരിക്കല്‍ അമ്മയെ വിളിച്ച് പൃഥ്വിരാജിനെ സ്‌ക്രീന്‍ ടെസ്റ്റിന് അയക്കണമെന്ന് പാച്ചിക്ക (ഫാസില്‍) പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ വീട്ടിലേക്ക് സ്‌ക്രീന്‍ ടെസ്റ്റിന് പോയി. അന്ന് ഞാന്‍ പ്ലസ് ടുവിന് പഠിക്കുകയായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റിന് ചെല്ലുമ്പോള്‍ അവിടെ വേറൊരു കോ-ആക്ടര്‍ ഉണ്ടായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന അസിന്‍ തോട്ടുങ്കല്‍ ആയിരുന്നു അത്,' പൃഥ്വിരാജ് പറഞ്ഞു.

സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞു. ഈ സിനിമയിലേക്ക് നീ വേണ്ട. നിനക്ക് വേണ്ടത് ഒരു ആക്ഷന്‍ പടമാണെന്ന് പാച്ചിക്ക പറഞ്ഞു. പ്ലസ് ടുവിലാണ് പഠിക്കുന്നതെങ്കിലും അന്ന് ഞാന്‍ അല്‍പ്പം സൈസ് ഒക്കെ ഉണ്ടായിരുന്നു. അത്ര സോഫ്റ്റൊന്നും അല്ല. പാച്ചിക്കയുടെ സിനിമയിലേക്ക് അങ്ങനെയൊരു ആളെയാണ് വേണ്ടിയിരുന്നത്. പിന്നീട് ആ സിനിമയാണ് ഫഹദിനെ വെച്ച് പാച്ചിക്ക ചെയ്തത്. കൈയെത്തും ദൂരത്ത് ! പിന്നീട് രഞ്ജിത്തേട്ടന്‍ സിനിമയിലേക്ക് ഒരു പുതുമുഖത്തെ തേടുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ എന്നെ നിര്‍ദേശിച്ചതും പാച്ചിക്കയാണ്. സുകുമാരന്റെ മകനെ നോക്കാമെന്ന് പാച്ചിക്ക പറഞ്ഞു. അങ്ങനെയാണ് നന്ദനത്തില്‍ തന്നെ നായകനാക്കിയതെന്നും പൃഥ്വിരാജ് പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :