ചിപ്പി പീലിപ്പോസ്|
Last Modified ശനി, 30 നവംബര്‍ 2019 (14:39 IST)
രണ്ട് മൂന്ന് സിനിമകളെ തമ്മിൽ ബന്ധിപ്പിച്ച് അതിൽ അഭിനയിച്ച നായകന്മാരെ കോർത്തിണക്കി റിത്വിക് ജെ ഡി എന്ന സിനിമാപ്രേമി എഴുതി പോസ്റ്റ് വീണ്ടും ശ്രദ്ധേയമാവുകയാണ്. കുമ്പളങ്ങി നൈറ്റ്സിലെ ശ്രീനാഥ് ഭാസിയും സൌബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങൾ. ഇവർ പറവയിലെ ദുൽഖർ സൽമാനെ കൊലപ്പെടുത്തുകയും പകരം ചോദിക്കാൻ ചെന്ന ഷെയ്നെ കഞ്ചാവ് കൊടുത്ത് മയക്കുകയും ചെയ്തുവെന്നാണ് റിത്വിക് എഴുതിയ ഭാവനാ കഥയിൽ പറയുന്നു.
മലയാള സിനിമയിലെ നായകനടന്മാരെ ഇല്ലാതാക്കാൻ ഇറങ്ങിയിരിക്കുന്ന രണ്ട് പേരാണ് സൌബിനും ശ്രീനാഥുമെന്നാണ് കഥയിൽ പറയുന്നു. ഹാസ്യരൂപേണയാണ് കഥ പോകുന്നത്. ഇടയ്ക്ക് ഫഹഫ് ഫാസിലും കടന്നു വരുന്നുണ്ട്. ഫഹദിനെപ്പോലെ ഒരു മികച്ച നടനെക്കൊണ്ട് "ഞാൻ ഹീറോയാടാ, ഹീറോ" എന്ന് പറയിപ്പിച്ച്, അയാളുടെ ശ്രദ്ധ തെറ്റിച്ച്, ഒരു പതിനഞ്ചു വയസ്സുകാരനെക്കൊണ്ട് മീൻവലയിട്ട് കുടുക്കുക്കിയെന്നും കഥയിൽ പറയുന്നു. കഥാഗതിയിങ്ങനെ:
തന്റെ സിനിമകൾ സാമ്പത്തികമായി വിജയിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയും മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെയും ക്രിട്ടിക്സിന്റെയും കയ്യടി നേടിയും സൂപ്പർസ്റ്റാർ പദവിയിലേക്ക് വളരെ വേഗത്തിൽ എത്തിയ
ദുൽഖർ സൽമാൻ ആയിരുന്നു ഇവരുടെ ആദ്യത്തെ ഇര. പ്രണവ് മോഹൻലാൽ, കാളിദാസ് ജയറാം, ഗോകുൽ സുരേഷ് എന്നിങ്ങനെ താരപുത്രന്മാർക്ക് സിനിമാപ്രവേശനം എളുപ്പമാവുമ്പോൾ സിനിമയിൽ ബന്ധങ്ങളൊന്നുമില്ലാത്ത ദുൽഖറിനെ പോലുള്ളവർ ഏറെ കഷ്ടപ്പെട്ടാണ് സ്വന്തം സിനിമാമോഹങ്ങൾ സാക്ഷാത്കരിക്കുന്നത്. ഒരിക്കൽ താൻ ചാൻസ് ചോദിച്ച് നടന്ന സംവിധായകരൊക്കെ ഇപ്പോൾ തന്റെ ഡേറ്റിന് കാത്തിരിക്കുകയാണ് എന്നറിഞ്ഞപ്പോഴും ദുൽഖർ ഒട്ടും അഹങ്കാരിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു പാതിരാത്രി ബീച്ചിൽ വെച്ച് ഒറ്റയ്ക്ക് കിട്ടിയ ദുൽഖറിന്റെ പള്ളയ്ക്ക് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ ആയിരുന്ന ഇവർ കത്തി കുത്തിയിറയ്ക്കിയത്.അടുത്ത പകൽ കാണാൻ ദുൽഖർ ഉണ്ടായിരുന്നില്ല. സ്വന്തം ഇക്കയെപ്പോലെ കരുതിയ ദുൽഖറിന്റെ കൊലപാതകത്തിന് പകരം ചോദിക്കാൻ ചെന്ന ഷെയ്ൻ എന്ന മറ്റൊരു നായകനെ സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കറും കൊറേ കഞ്ചാവും കൊടുത്ത് അവർ ഒതുക്കി. കഞ്ചാവിന്റെ കാര്യം ഷെയ്ൻ നിഷേധിക്കുമായിരിക്കും. കഞ്ചാവടിച്ചാൽ കുറേ ചിന്തിക്കേണ്ടി വരും, എനിക്ക് ചിൽ ചെയ്യാനാണിഷ്ടം എന്നൊക്കെ പറയും. എപ്പോ മുതലാണ് ഷെയ്‌നിന് ചിൽ ചെയ്യാൻ ഇഷ്ടമായത്? വേണു നാഗവള്ളിയെ പോലെ വിഷാദകാമുകനായിരുന്ന അവൻ എന്ന് മുതലാണ് ഇങ്ങനെ ചിരിക്കാൻ തുടങ്ങിയത്? ആർക്കും ഒന്നും മനസ്സിലാവില്ല എന്ന് കരുതരുത്, ഷെയ്ൻ.
പിന്നീട് ഈ ക്രിമിനൽ കൂട്ടം ലക്ഷ്യം വെച്ചത് യുവതാരനിരയിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന ഫഹദിനെ. ആദ്യം ഇടുക്കിയിൽ വെച്ച് ഫഹദിനെ തീർക്കാൻ ഒരു ശ്രമം നടത്തി. അതിന് വേണ്ടി സൗബിൻ ഫഹദുമായി ചങ്ങാത്തം സ്ഥാപിച്ചു.പിന്നീട് സൗബിന്റെ നിർദേശപ്രകാരം അവിടെയെത്തിയ ഗുണ്ടകൾ ഫഹദിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും കെ.എൽ. ആന്റണി എന്ന നാടകപ്രവർത്തകന്റെ ഇടപെടൽ മൂലം അവർക്കതിന് കഴിഞ്ഞില്ല. പക്ഷെ "അകലത്തൊരു കാവൽ മാലാഖയായ്" എന്നും ആന്റണിച്ചേട്ടൻ ഉണ്ടാവുമെന്ന് കരുതിയ ഫഹദിന് തെറ്റി.
ഞാൻ പ്രകാശൻ എന്ന എക്കാലത്തെയും വലിയ ഹിറ്റുമായി നിൽക്കുന്ന ഫഹദിനെ എത്ര പെട്ടെന്നാണ് ഈ നരാധമന്മാർ അവരുടെ 'വലയിൽ' വീഴ്ത്തിയത്. ഒരിക്കൽ പോലും സ്വയം ഹീറോ ആണെന്ന് കരുതിയിട്ടില്ലാത്ത ഫഹദിൽ അങ്ങനെ ഒരു ചിന്ത ഉണ്ടാക്കാൻ വേണ്ടി ഇവർ അയാളുടെ മുന്നിൽ ശക്തിയില്ലാത്തവരായി അഭിനയിച്ചു. ഫഹദിനെപ്പോലെ ഒരു മികച്ച നടനെക്കൊണ്ട് "ഞാൻ ഹീറോയാടാ, ഹീറോ" എന്ന് പറയിപ്പിച്ച്, അയാളുടെ ശ്രദ്ധ തെറ്റിച്ച്, ഒരു പതിനഞ്ചു വയസ്സുകാരനെക്കൊണ്ട് മീൻവലയിട്ട് കുടുക്കുകയായിരുന്നു. അതിന് ശേഷം ഫഹദിനെ ആരും കണ്ടിട്ടില്ല. കൊന്ന് കുഴിച്ചു മൂടിയോ, ജീവനോടെ കായലിൽ താഴ്ത്തിയോ, ആർക്കറിയാം!
മലയാളികൾ ഏറെ സ്നേഹിക്കുന്ന നായകന്മാരെ എന്തിനാണ് ഇവർ ഇങ്ങനെ ഇല്ലായ്‌മ ചെയ്യുന്നത്? നോബഡി നോസ്. എന്നാൽ ഈ വിഷയം അന്വേഷിക്കുന്ന രഹസ്യ ഏജൻസിയുടെ ശ്രദ്ധയിൽ പെട്ട മറ്റൊരു കാര്യമുണ്ട്. മരിക്കുന്നതിന് മുൻപ് ദുൽഖർ അഭിനയിച്ച രണ്ട് സിനിമകളും (CIA, ജോമോൻ) ഫഹദ് അഭിനയിച്ച രണ്ട് സിനിമകളും (വരത്തൻ, പ്രകാശൻ) സംവിധാനം ചെയ്തത് ഒരേ സംവിധായകരാണ്, സത്യൻ അന്തിക്കാടും അമൽ നീരദും. അന്തിക്കാട് സിനിമയിലെ നന്മ കണ്ടിട്ടോ അമൽ നീരദ് പടത്തിലെ സ്ലോ മോഷൻ കണ്ടിട്ടോ സൈക്കോ ആയി മറിയവരാണോ പ്രതികൾ എന്നും അന്വേഷണം നടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സത്യൻ അന്തിക്കാടിന്റെയും അമൽ നീരദിന്റെയും സിനിമകൾ കമ്മിറ്റ് ചെയ്യുന്നതിൽ നിന്നും യുവതാരങ്ങളെ വിലക്കുന്നതിനെ കുറിച്ച് ആലോചന നടത്തുന്നതായാണ് സൂചനകൾ. സൗബിനും ശ്രീനാഥ് ഭാസിയും ഒന്നിച്ച് വരുന്ന സിനിമകളിൽ യുവതാരങ്ങൾ അഭിനയിക്കേണ്ടതില്ലെന്ന് നായകന്മാരുടെ സംഘടനയായ 'അച്ഛൻ' തീരുമാനമെടുത്തു കഴിഞ്ഞു.
അത് കൊണ്ടൊക്കെ തടുക്കാനാവുമോ ഇവരെ? ആരായിരിക്കും ഈ മോസ്റ്റ് ഡ്രെഡഡ് ക്രിമിനൽ സംഘത്തിന്റെ അടുത്ത ഇര?