ഗോൾഡ ഡിസൂസ|
Last Modified ശനി, 30 നവംബര്‍ 2019 (12:11 IST)
വെയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കൊടുവിൽ ഷെയ്ൻ നിഗത്തെ വിലക്കിയ നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം അപക്വമാണെന്ന് സംവിധായകൻ ആഷിഖ് അബു. സിനിമ പോലൊരു പ്രൊഫഷനൽ മേഖലയിൽ ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നും ആഷിഖ് മനോരമ ഓൺലൈനോട് പറഞ്ഞു.
‘വിലക്കിയാൽ ഒരിക്കലും ആർക്കും അംഗീകരിക്കാൻ പറ്റാത്ത തീരുമാനമാണ്. കരാർ ലംഘനം ഉണ്ടായാൽ ഇവിടെ കോടതിയുണ്ട്, നിയമമുണ്ട്. വിലക്കല്ല വേണ്ടത്. വളരെ വൈകാരികമായിട്ടാണ് നിർമാതാക്കൾ ഇതിനെ കണ്ടത്. പറഞ്ഞ് തീർക്കാവുന്ന പ്രശ്നങ്ങളേ ഉണ്ടായിട്ടുള്ളു. ഒരു പ്രശ്നം ഉണ്ടായപ്പോഴേക്കും സിനിമ വേണ്ടെന്ന് വെയ്ക്കുന്നതൊക്കെ അപക്വമായ തീരുമാനമാണ്’.
‘ഷെയ്ൻ ചെയ്തതും തെറ്റാണ്. ആ തെറ്റ് ഷെയ്ൻ തിരുത്തേണ്ടതുണ്ട്. മുടങ്ങിപ്പോയ രണ്ട് സിനിമകളും ഷെയ്ൻ പൂർത്തിയാക്കേണ്ടതുണ്ട്. പുതുമുഖ സംവിധായകരുടെ ഭാവി കൂടി നോക്കേണ്ടതുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാനാണ് സംഘടനകൾ നോക്കേണ്ടത്, അല്ലാതെ ഊതിപ്പെരുപ്പിച്ച് വലുതാക്കാനല്ല’ - ആഷിഖ് അബു പറയുന്നു.