ജയിലറില്‍ അഭിനയിച്ചപ്പോള്‍ 35 ലക്ഷം അല്ല ലഭിച്ചത്,തെറ്റായ സംഖ്യ പറഞ്ഞു പരത്തുന്നവരുടെ ഉദ്ദേശം മോശമാണെന്ന് വിനായകന്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 18 നവം‌ബര്‍ 2023 (15:30 IST)
ജയിലര്‍ സിനിമയില്‍ വിനായകന്‍ അവതരിപ്പിച്ച വര്‍മ്മന്‍ എന്ന വില്ലന്‍ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടന്നു 35 ലക്ഷം രൂപയാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തനിക്ക് അതിന്റെ മൂന്നിരട്ടിയോളമാണ് ലഭിച്ചതെന്ന് വിനായകന്‍ തന്നെ പറഞ്ഞിരിക്കുകയാണ്.ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

തെറ്റായ സംഖ്യ പറഞ്ഞു പരത്തുന്നവരുടെ ഉദ്ദേശം മോശമാണെന്നും, തനിക്കൊന്നും വലിയ തുക ലഭിക്കാനുള്ള വിലയില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണതെന്നും വിനായകന്‍ പറഞ്ഞു. വലിയൊരു തുക പ്രതിഫലമായി തനിക്ക് തന്നതിനോടൊപ്പം ഷൂട്ടിംഗ് സമയത്ത് ഏറെ കാര്യമായാണ് അവര്‍ തന്നോട് പെരുമാറിയതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 9ന് പ്രദര്‍ശനത്തിനെത്തിയ സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെ ആളുകളെ കൂടുതല്‍ തിയറ്ററുകളില്‍ എത്തിച്ചു. 650 കോടിയാണ് ജയിലറിന്റെ അന്തിമ ബോക്‌സ് ഓഫീസ് കളക്ഷന്‍ എന്നാണ് വിവരം.


മാത്യുവും നരസിംഹയും മുത്തുവേല്‍ പാണ്ഡ്യനും ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള അഡ്വാന്‍സ് തുക സംവിധായകന്‍ നെല്‍സണിന് നിര്‍മാതാക്കള്‍ കൈമാറി എന്നും പറയപ്പെടുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :