ടൊവിനോയുടെ ആ സിനിമ എട്ടുനിലയില്‍ പൊട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം; പുലിവാല് പിടിച്ച് നടി വീണാ നായര്‍

ടൊവിനോ തോമസിന്റെ സിനിമ പരാജയപ്പെട്ടപ്പോള്‍ താന്‍ വളരെയധികം സന്തോഷിച്ചെന്നാണ് വീണാ നായര്‍ പറയുന്നത്

രേണുക വേണു| Last Modified ബുധന്‍, 18 ജനുവരി 2023 (10:02 IST)

സൂപ്പര്‍താരം ടൊവിനോ തോമസിന്റെ ഒരു സിനിമ എട്ടുനിലയില്‍ പൊട്ടണമെന്ന് താന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന് നടി വീണാ നായര്‍. തന്നെ ആ സിനിമയിലേക്ക് വിളിച്ചിട്ട് അവസാനം നിമിഷം ഒഴിവാക്കുകയായിരുന്നെന്നും അതിന്റെ ദേഷ്യത്തിലാണെന്ന് സിനിമ പരാജയപ്പെടണമെന്ന് മനസ്സില്‍ ആഗ്രഹിച്ചതെന്നും വീണാ നായര്‍ പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ടൊവിനോ തോമസിന്റെ സിനിമ പരാജയപ്പെട്ടപ്പോള്‍ താന്‍ വളരെയധികം സന്തോഷിച്ചെന്നാണ് വീണാ നായര്‍ പറയുന്നത്. ടൊവിനോ നായകനാകുന്ന ഈ ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നു. 15 ദിവസത്തെ ഡേറ്റാണ് ചോദിച്ചത്. ആ സിനിമയ്ക്ക് വേണ്ടി തന്റെ മറ്റെല്ലാ ജോലികളും ഒഴിവാക്കി ഡേറ്റ് നല്‍കിയെന്ന് വീണ പറയുന്നു. ആരെങ്കിലും എന്തെങ്കിലും ഉദ്ഘാടനത്തിനു വിളിക്കുകയാണെങ്കില്‍ അതടക്കം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ സിനിമയുടെ ഷൂട്ടിങ് തിയതി അടുത്തുവന്നിട്ടും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഒരു കമ്യൂണിക്കേഷനും ഉണ്ടായില്ല. തുടര്‍ന്ന് സംശയം തോന്നിയപ്പോള്‍ അവരെ വിളിച്ചു. അപ്പോഴാണ് മറ്റൊരു നടിയെ തനിക്ക് തീരുമാനിച്ചിരുന്ന കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്തതായി അറിഞ്ഞത്. അത് തന്നെ വളരെ വേദനിപ്പിച്ചെന്ന് വീണ നായര്‍ പറയുന്നു.

പിന്നീട് ആ ചിത്രത്തിന്റെ നിര്‍മാതാവിനെ ആശുപത്രിയില്‍ വെച്ച് കണ്ടപ്പോള്‍ കാര്യം തിരക്കി. അണിയറ പ്രവര്‍ത്തകര്‍ തന്നെ കുറിച്ച് വേറൊരു കഥയാണ് നിര്‍മാതാവിനോട് പറഞ്ഞിരിക്കുന്നത്. വീണ നായര്‍ വലിയ പ്രതിഫലം ചോദിച്ചതുകൊണ്ട് മാറ്റേണ്ടി വന്നു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നിര്‍മാതാവിനോട് പറഞ്ഞിരിക്കുന്നത്. ഈയൊരു കാരണം കൊണ്ടാണ് ടൊവിനോയുടെ സിനിമ എട്ടുനിലയില്‍ പൊട്ടണമെന്ന് താന്‍ ആഗ്രഹിച്ചതെന്നും അത് പരാജയപ്പെട്ടപ്പോള്‍ സന്തോഷിച്ചതെന്നും വീണ നായര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :