നിഹാരിക കെ.എസ്|
Last Modified ശനി, 20 സെപ്‌റ്റംബര്‍ 2025 (14:38 IST)
കൈ നിറയെ ചിത്രങ്ങളാണ് ഈ വാരാന്ത്യത്തിൽ ഒ.ടി.ടി റിലീസിനൊരുങ്ങുന്നത്. ഈ ആഴ്ചയിലെ പുത്തൻ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കാം.
നടൻ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന വെബ് സീരിസ് ആണ് ദ് ബാഡ്സ് ഓഫ് ബോളിവുഡ്. ഈ മാസം 18 മുതൽ സീരിസ് സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരിസ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എംഎ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്ത 'റ്റു മെന്‍' ഒടിടിയിൽ എത്തി. മനോരമ മാക്സിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത്.
മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെത്തിയ ഹൃദയപൂർവം തിയറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 50 കോടിയിലധികം ചിത്രം തിയറ്ററുകളിൽ കളക്ട് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. സെപ്റ്റംബർ 26 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ആസിഫ് അലി നായകനായെത്തി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് സർക്കീട്ട്. മികച്ച പ്രതികരണം നേടിയിട്ടും കളക്ഷനിൽ വലിയ നേട്ടം കാഴ്ചവയ്ക്കാൻ ചിത്രത്തിനായില്ല. സെപ്റ്റംബർ 26 മുതൽ ഒടിടി റിലീസിനൊരുങ്ങുകയാണ് തമർ സംവിധാനം ചെയ്ത സർക്കീട്ട്. മനോരമ മാക്സിലൂടെയാണ് ചിത്രമെത്തുക.
അനുഷ്‍ക ഷെട്ടിയെ നായികയാക്കി കൃഷ് ജഗർലമുഡി സംവിധാനം ചെയ്ത ചിത്രമാണ് ഘാട്ടി. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുക. ഒക്ടോബര്‍ രണ്ട് മുതലാണ് സ്‍ട്രീമിങ് ആരംഭിക്കുക.
അർജുൻ അശോകൻ നായകനായെത്തിയ ചിത്രമാണ് സുമതി വളവ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ മാസം 26 മുതൽ ചിത്രം ഒടിടിയിലെത്തുകയാണ്. സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രം ഓണം റിലീസ് ആയാണ് തിയറ്ററുകളിലെത്തിയത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 26 ന് സ്ട്രീം ചെയ്ത് തുടങ്ങും.