നിഹാരിക കെ.എസ്|
Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (10:31 IST)
മാളികപ്പുറത്തിന് ശേഷം അതേ ടീമൊരുക്കിയ ചിത്രമാണ് സുമതി വളവ്. അർജുൻ അശോകൻ നായകനായ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു തീയേറ്ററിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവന്നിരിക്കുകയാണ്.
ചിത്രം സെപ്റ്റംബർ 26 മുതൽ സ്ട്രീമിങ് ആരംഭിക്കും. സീ 5 വിലൂടെയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ. ഹിന്ദി ഭാഷകളിൽ സിനിമ ലഭ്യമാകും. തിയേറ്ററിൽ നിന്നും ലഭിച്ച സ്വീകാര്യത ഒ.ടി.ടിയിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടീം.
ചിത്രം കേരളത്തിൽ നിന്നുമാത്രം 18.20 കോടിയാണ് നേടിയിരിക്കുന്നത്. അർജുൻ അശോകന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് സുമതി വളവ്. സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. 'സുമതി വളവ് 2: ദി ഒറിജിൻ' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ആദ്യ ഭാഗത്തിന്റെ അതേ അണിയറപ്രവർത്തകർ തന്നെയാണ് ഈ രണ്ടാം ഭാഗത്തിനും ഒന്നിക്കുന്നത്. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്ന ചിത്രം കൂടിയായിരിക്കും സുമതി വളവ് 2.
ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിച്ചത്.