ആ ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കിയെങ്കിൽ വേറെ ലെവൽ ആയേനെ, കോട്ടയം കുഞ്ഞച്ചന്‍റെ സംവിധായകൻ പറയുന്നു !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (11:37 IST)
‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന എക്കാലത്തെയും വലിയ ഹിറ്റിന്‍റെ സംവിധായകന്‍ എന്ന നിലയ്ക്കാണ് ടി എസ് സുരേഷ് ബാബു അറിയപ്പെടുന്നത്. എന്നാല്‍ വേറെയും മികച്ച കുറേ സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. കിഴക്കന്‍ പത്രോസ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, പാളയം, സ്റ്റാലിന്‍ ശിവദാസ് തുടങ്ങി വമ്പന്‍ ഹിറ്റുകള്‍ പലതും അദ്ദേഹത്തിന്‍റെ പേരിലുണ്ട്.

1995-ൽ മുരളിയെ നായകനാക്കി ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് 'പ്രായിക്കര പാപ്പാൻ'. 25 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഈ സിനിമയിൽ മികച്ച പ്രകടനമായിരുന്നു മുരളി കാഴ്ചവച്ചത്. ഈ ചിത്രത്തിൽ മോഹൻലാലിനെ ആയിരുന്നു നായകനായി താന്‍ മനസ്സിൽ കണ്ടതെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ബാബു.

"മോഹൻലാലിനെ നായകനാക്കി കൊമേഴ്സ്യൽ രീതിയിൽ ചിത്രീകരിച്ചിരുന്നെങ്കിൽ മറ്റൊരു തലത്തിലേക്ക് ചിത്രം പോയേനേ"- സുരേഷ് ബാബു പറഞ്ഞു.

സിനിമയുടെ തിരക്കഥാകൃത്തായ ഷാജി പാണ്ഡവത്തിന് മുരളിയെ വെച്ച് സിനിമ ചെയ്യാനായിരുന്നു താൽപര്യം. മാത്രമല്ല ആദ്യമേ മുരളിയെ കഥ കേൾപ്പിച്ചത് മൂലം അദ്ദേഹവുമായി മുന്നോട്ടു പോകുകയായിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്.

പ്രായിക്കര പാപ്പാന് ആദ്യം വാരിക്കുഴി എന്നായിരുന്നു പേര് നൽകിയത്. മുരളിയെ കൂടാതെ ജഗദീഷ്, മധു, ഗണേഷ് കുമാർ, മാമുക്കോയ, കുതിരവട്ടം പപ്പു, ചിപ്പി തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. പത്തനംതിട്ടയിലെ കോന്നി ആയിരുന്നു പ്രധാന ലൊക്കേഷന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :