അടുത്ത സുഹൃത്തുക്കള്‍ മിണ്ടാതെ നടന്നത് വര്‍ഷങ്ങളോളം; മമ്മൂട്ടിയും സുരേഷ് ഗോപിയും പിണങ്ങിയത് എന്തിന്?

ഒരിക്കല്‍ തിരുവനന്തപുരത്ത് സുരേഷ് ഗോപി നടത്തിയ വാര്‍ത്താസമ്മേളനവും ഏറെ വിവാദമായിരുന്നു

Mammootty, Suresh Gopi, Mahesh Narayanan Film, Mammootty and Suresh Gopi, Fahad faasil, Kunchako Boban
Suresh Gopi and Mammootty
രേണുക വേണു| Last Modified ബുധന്‍, 26 ജൂണ്‍ 2024 (10:47 IST)

ഒരു കാലത്ത് മമ്മൂട്ടി-സുരേഷ് ഗോപി കോംബിനേഷന്‍ സിനിമകളെല്ലാം തിയറ്ററുകളില്‍ വലിയ ആരവം തീര്‍ത്തിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ന്യൂഡല്‍ഹി, ദ കിങ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, ഇരുവരും തമ്മില്‍ പിന്നീട് കടുത്ത ശത്രുതയിലായി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള പിണക്കം അവസാനിക്കുന്നത്. എന്നാല്‍, മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കത്തിന്റെ കാര്യം ഇപ്പോഴും മലയാള സിനിമാലോകത്തിനു വ്യക്തമായി അറിയില്ല.

അന്തരിച്ച നടന്‍ രതീഷിന്റെ മകളുടെ വിവാഹ വീഡിയോയില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ എത്രത്തോളം പിണക്കമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. രതീഷിന്റെ മകളുടെ കല്യാണ ചടങ്ങിന് സുരേഷ് ഗോപിയും മമ്മൂട്ടിയും എത്തിയിരുന്നു. എന്നാല്‍, ഇരുവരും പരസ്പരം മിണ്ടിയില്ല. അന്ന് വിവാഹചടങ്ങിന് എത്തിയ സുരേഷ് ഗോപി മമ്മൂട്ടിയുടെ തോളില്‍ തട്ടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, സുരേഷ് ഗോപിയെ കണ്ട ഭാവം നടിക്കുന്നില്ല മമ്മൂട്ടി. തന്നെ മമ്മൂട്ടി ഒഴിവാക്കുകയാണെന്ന് മനസിലായപ്പോള്‍ സുരേഷ് ഗോപിയും പിന്‍വാങ്ങി. ആ പിണക്കം വര്‍ഷങ്ങളോളം നീണ്ടു.

ഒരിക്കല്‍ തിരുവനന്തപുരത്ത് സുരേഷ് ഗോപി നടത്തിയ വാര്‍ത്താസമ്മേളനവും ഏറെ വിവാദമായിരുന്നു. മമ്മൂട്ടിയുമായുള്ള പിണക്കത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോട് ചോദിച്ചു. തനിക്ക് മമ്മൂട്ടിയുമായി ഒരു പ്രശ്‌നമുണ്ടെന്നും ആ പ്രശ്‌നം കേട്ടാല്‍ പിണക്കത്തിന്റെ കാര്യം നിങ്ങള്‍ക്ക് വ്യക്തമാകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍, തങ്ങള്‍ക്കിടയിലെ പിണക്കത്തിന്റെ കാര്യം വെളിപ്പെടുത്താന്‍ സുരേഷ് ഗോപി തയ്യാറായില്ല.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും മനസറിഞ്ഞ് കെട്ടിപ്പിടിച്ചാണ് തങ്ങളുടെ പിണക്കം അവസാനിപ്പിച്ചത്. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളുടെ വിവാഹവേദിയായിരുന്നു അത്. ഗുരുവായൂരില്‍ നടന്ന ആ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും എത്തിയിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തി മമ്മൂട്ടി സുരേഷ് ഗോപിയെ കെട്ടിപിടിച്ചു. എല്ലാം പറഞ്ഞു തീര്‍ത്തു എന്നും തങ്ങളുടെ പിണക്കം തീര്‍ന്നെന്നും സഹപ്രവര്‍ത്തകരോട് രണ്ട് താരങ്ങളും ഒന്നിച്ചു പ്രഖ്യാപിച്ചു. ഇപ്പോള്‍ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :