നിഹാരിക കെ എസ്|
Last Modified ബുധന്‍, 4 ഡിസംബര്‍ 2024 (09:38 IST)
സുധ കൊങ്കരയുടെ സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനാകുന്ന ചിത്രം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. സൂര്യയെ നായകനാക്കി സുധ അന്നൗൻസ് ചെയ്ത സിനിമയായിരുന്നു ഇത്. സൂര്യയെ കൂടാതെ ദുൽഖർ സൽമാൻ, നസ്രിയ, വിജയ് വർമ്മ എന്നിവരായിരുന്നു ആദ്യത്തെ കാസ്റ്റിങ്ങിലെ പ്രധാന താരങ്ങൾ. എന്നാൽ, സൂര്യയിൽ നിന്നും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ല. അങ്ങനെ ആ കാസ്റ്റിങ് സംഭവിക്കാതെയായി.
ഒടുവിൽ 'പുറനാനൂറ്' എന്ന പേരിൽ തന്നെ സുധ കൊങ്കര ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചു. സൂര്യ ഉപേക്ഷിച്ച ചിത്രം ശിവകാർത്തികേയൻ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ തമിഴ് ആരാധകർ എസ്.കെ എന്ന് വിളിക്കുന്ന ശിവകാർത്തികേയനും സുധ കൊങ്കരയും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ശിവകാർത്തികേയൻ സിനിമ ഉപേക്ഷിക്കുമോ എന്നാണ് തമിഴകത്തെ ചോദ്യം.
ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ടിനായി ശിവകർത്തികേയനോട് താടി ട്രിം ചെയ്യുവാൻ സുധ കൊങ്കര ആവശ്യപ്പെട്ടു. പരുത്തിവീരൻ എന്ന സിനിമയിലെ കാർത്തിയുടെ ലുക്കിനോട് ശിവകാർത്തികേയന്റെ ലുക്കിന് സാമ്യതകളുണ്ട് എന്ന് സംവിധായിക പറഞ്ഞു. എന്നാൽ നിലവിലുള്ള താടി ലുക്ക് അതേപോലെ നിലനിർത്താന്‍ നേരത്തെ സുധ കൊങ്കര ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശിവകാർത്തികേയൻ ഒന്നും മിണ്ടാതെ ഷൂട്ടിങ് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയെന്നാണ് റിപ്പോർട്ട്.
ഇതിനുശേഷം, സംവിധായികയുടെ കോളുകൾക്കും സന്ദേശങ്ങൾക്കും താരം മറുപടി നൽകിയില്ലെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എആർ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എസ്കെ 23യാണ് ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്. എസ്കെ 23 ഒരു വിൻ്റേജ് എആർ മുരുഗദോസ് സ്റ്റൈലിലുള്ള ആക്ഷൻ ത്രില്ലറാണെന്നും, അദ്ദേഹത്തിന്റെ എലമെന്റ് എല്ലാം ഈ സിനിമയിൽ ഉണ്ടാകും എന്നും മുൻപ് ശിവകാർത്തികേയൻ പറഞ്ഞിരുന്നു.