സിദ്ദിഖിന്റെ മരണം മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാനിരിക്കെ...!

രേണുക വേണു| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2023 (14:39 IST)

സംവിധായകന്‍ സിദ്ദിഖിന്റെ മരണം മലയാള സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും സിനിമയില്‍ സജീവമാകാന്‍ സിദ്ദിഖ് ആഗ്രഹിച്ചിരുന്നു. ഒരു മമ്മൂട്ടി സിനിമ സംവിധാനം ചെയ്യാനിരിക്കെയാണ് സിദ്ദിഖിന്റെ അപ്രതീക്ഷിത വിയോഗം. യുവ നോവലിസ്റ്റും മലപ്പുറം തിരൂര്‍ സ്വദേശിയുമായ അസിയും സിദ്ദിഖും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിക്കാന്‍ തീരുമാനിച്ചിരുന്നത്. 'ഡോക്ടര്‍ മാഡ്' എന്നായിരുന്നു ചിത്രത്തിന്റെ പേര്.

എട്ട് വര്‍ഷം മുന്‍പ് ചെയ്ത ഭാസ്‌കര്‍ ദ് റാസ്‌ക്കല്‍ ആണ് സിദ്ദിഖിന്റെ അവസാന മമ്മൂട്ടി ചിത്രം. വീണ്ടുമൊരു മമ്മൂട്ടി ചിത്രം ചെയ്യുന്നതിന്റെ ത്രില്ലിലായിരുന്നു അവസാന സമയത്തും സിദ്ദിഖ്. സഹ തിരക്കഥാകൃത്തായ അസിയോട് തിരക്കഥ വേഗം പൂര്‍ത്തിയാക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടിരുന്നു. മമ്മൂട്ടി യൂറോപ്പിലേക്ക് പോകുന്നതിനാല്‍ കൂടെ കൊണ്ടുപോകുന്നതിനു വേണ്ടിയാണ് അസിയോട് സിദ്ദിഖ് തിരക്കഥ വേഗം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടത്.

'ചില മാറ്റങ്ങള്‍ വരുത്തേണ്ടതിനാല്‍ ഇന്റര്‍വെല്‍ വരെയുള്ള ഭാഗങ്ങള്‍ സല്‍ടക്‌സ് സോഫ്‌റ്റ്വെയറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അയച്ചുകൊടുത്തു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അസുഖം കാരണം സിദ്ദിഖ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മൂന്നാലു ദിവസം കഴിഞ്ഞ് നമുക്ക് സെക്കന്‍ഡ് ഹാഫിന് ഇരിക്കാം. മമ്മൂക്ക തിരിച്ചു വരുമ്പോഴേക്കും നമുക്ക് സെക്കന്‍ഡ് ഹാഫ് പൂര്‍ത്തിയാക്കണം,' അവസാനമായി ഫോണ്‍ വിളിച്ചപ്പോള്‍ സിദ്ദിഖ് തന്നോട് പറഞ്ഞ കാര്യങ്ങള്‍ അസി വെളിപ്പെടുത്തി. ഈ ആഗ്രഹം നിറവേറ്റാന്‍ സാധിക്കാതെയാണ് സിദ്ദിഖിന്റെ മടക്കം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :