സിനിമ സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു; ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി, 'കുത്തി' ആന്റണി വര്‍ഗീസിന്റെ പോസ്റ്റ്

അതേസമയം, ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുമായി ആന്റണി വര്‍ഗീസ് രംഗത്തെത്തിയിട്ടുണ്ട്

രേണുക വേണു| Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (21:01 IST)

'ആര്‍ഡിഎക്‌സ്' എന്ന സിനിമയുടെ സെറ്റില്‍ ഷെയ്ന്‍ നിഗം പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. പ്രതിഫലത്തെ ചൊല്ലിയാണ് ഷെയ്ന്‍ നിഗം പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് വിവരം. ഷെയ്ന്‍ നിഗവും അമ്മയും ഒരു കോടി പ്രതിഫലം ആവശ്യപ്പെട്ടെന്നും അത് നല്‍കാന്‍ നിര്‍മാതാവ് തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പ്രചരിക്കുന്നുണ്ട്.

ഷെയ്ന്‍ നിഗത്തിന്റെ പിടിവാശികളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ചിത്രത്തില്‍ ആന്റണി വര്‍ഗീസ് (പെപ്പെ) മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റണി വര്‍ഗീസിന്റെ കഥാപാത്രത്തിന്റെ പ്രസക്തി കൂടുതലാണെന്നും ചില രംഗങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഷെയ്ന്‍ ആവശ്യപ്പെട്ടെന്നും പ്രചരിക്കുന്നുണ്ട്.

നിലവില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ചിത്രീകരണം മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. സിനിമ സംഘടനകളും വിഷയത്തില്‍ ഇടപെട്ടുവെന്നാണ് അറിയാന്‍ കഴിയുന്നത്. സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം, ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുമായി ആന്റണി വര്‍ഗീസ് രംഗത്തെത്തിയിട്ടുണ്ട്. 'നോ ഡ്രാമ പ്ലീസ്' എന്ന ചിത്രമാണ് ആന്റണി വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നാടകം കളിക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ആന്റണി വര്‍ഗീസ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷെയ്ന്‍ നിഗത്തെ ഉദ്ദേശിച്ചാണ് പെപ്പെയുടെ പോസ്റ്റ് എന്നാണ് താഴെ കമന്റുകള്‍ വന്നിരിക്കുന്നത്. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഈ പോസ്റ്റ് താരം ഡെലീറ്റ് ചെയ്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :