രേണുക വേണു|
Last Modified ശനി, 9 ഒക്‌ടോബര്‍ 2021 (11:53 IST)
ഭാര്യ ഗൗരി ഖാനോട് ഹിന്ദു മതത്തില്‍ നിന്ന് മാറി തന്റെ മതമായ ഇസ്ലാം മതത്തില്‍ ചേരണമെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ എപ്പോഴെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? പലപ്പോഴായി കേള്‍ക്കുന്ന ഗോസിപ്പുകളുടെ ഭാഗമാണ് ഷാരൂഖിന്റെയും ഗൗരിയുടെയും മതവുമായി ബന്ധപ്പെട്ട കാര്യം. ഗൗരി ഖാന്‍ ഹിന്ദു കുടുംബത്തില്‍ നിന്നുള്ള അംഗമായിരുന്നു. ഷാരൂഖ് ഖാന്‍ മുസ്ലിം കുടുംബവും.
ഇരുവരുടെയും വിവാഹ സമയത്ത് ഗൗരിയുടെ വീട്ടുകാര്‍ക്ക് ചെറിയ പേടിയുണ്ടായിരുന്നു. വിവാഹശേഷം ഷാരൂഖ് ഖാന്‍ ഗൗരിയോട് ഇസ്ലാം മതത്തിലേക്ക് മാറാന്‍ ആവശ്യപ്പെടുമോ എന്നതായിരുന്നു അത്. ഭാര്യ വീട്ടുകാരുടെ പേടി മനസിലാക്കിയ ഷാരൂഖ് വിവാഹ റിസപ്ഷന്‍ സമയത്ത് ഒരു പണി പറ്റിച്ചു.
'ഗൗരി, വരൂ...നിന്റെ തട്ടം ധരിക്കൂ..നമുക്ക് നമാസ് വായിക്കാന്‍ സമയമായി,' എന്ന് ഷാരൂഖ് പറഞ്ഞു. ഇത് കേട്ടതും ഗൗരിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഞെട്ടി. ഗൗരി ഇനി വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്നും എപ്പോഴും ബുര്‍ഖ ധരിക്കണമെന്നും ഷാരൂഖ് പറഞ്ഞു. ഗൗരിയുടെ പേര് ആയേഷ എന്ന മുസ്ലിം നാമം ആക്കുകയാണെന്നും ഷാരൂഖ് പറഞ്ഞു. ഗൗരിയുടെ വീട്ടുകാരെ പറ്റിക്കാന്‍ ഷാരൂഖ് ഖാന്‍ നടത്തിയ ഒരു പ്രാങ്ക് ആയിരുന്നു ഇതെല്ലാം.
ഷാരൂഖ് ഖാനും താനും തമ്മിലുള്ള മതപരമായ ആശയ വ്യത്യാസങ്ങളെ കുറിച്ച് പഴയൊരു ടെലിവിഷന്‍ പരിപാടിയില്‍ ഗൗരി മനസുതുറന്നിട്ടുണ്ട്. 'ഞാന്‍ ഷാരൂഖിന്റെ മതത്തെ ബഹുമാനിക്കുന്നു. അതിനര്‍ത്ഥം ഞാന്‍ ഇസ്ലാം മതത്തിലേക്ക് മാറും എന്നല്ല. ഓരോരുത്തരും വ്യത്യസ്തതകളുള്ള വ്യക്തികളാണ്. അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന മതത്തില്‍ വിശ്വസിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. മറ്റൊരാളുടെ മതത്തോട് ബഹുമാനക്കുറവ് ഉണ്ടാകരുത്. ഷാരൂഖ് എന്റെ മതത്തെ ബഹുമാനിക്കാതിരിക്കുന്നില്ല,' ഗൗരി പറഞ്ഞു.