വലിയ പ്രതീക്ഷകളോടെ വിവാഹം, രണ്ട് ബന്ധങ്ങളും തകര്‍ന്നു; വ്യക്തി ജീവിതത്തെ കുറിച്ച് ശാന്തികൃഷ്ണ

രേണുക വേണു| Last Modified വ്യാഴം, 9 ജൂണ്‍ 2022 (16:27 IST)

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ശാന്തികൃഷ്ണ അഭിനയിച്ചിട്ടുണ്ട്. നടന്‍ ശ്രീനാഥ് ആയിരുന്നു ശാന്തികൃഷ്ണയുടെ ആദ്യ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് 12 വര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 1995 ല്‍ ശ്രീനാഥുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശാന്തികൃഷ്ണ 1998 ല്‍ മറ്റൊരു വിവാഹം കഴിച്ചു. സദാശിവന്‍ ബജോറെ ആയിരുന്നു രണ്ടാം ജീവിതപങ്കാളി. 2016 ല്‍ ഈ ബന്ധവും നിയമപരമായി പിരിഞ്ഞു. ഈ ബന്ധങ്ങളെ കുറിച്ചെല്ലാം ഇപ്പോള്‍ തുറന്നുപറയുകയാണ് ശാന്തികൃഷ്ണ.

ഒരുപാട് ആഗ്രഹങ്ങളോടെയാണ് ശ്രീനാഥിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. 19-ാം വയസ്സിലായിരുന്നു കല്യാണം. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ശ്രീനാഥുമായുള്ള ബന്ധം വിവാഹത്തില്‍ എത്തിയതെന്നും ശാന്തികൃഷ്ണ പറയുന്നു.

12 വര്‍ഷം ഒന്നിച്ച് ജീവിച്ച ശേഷമാണ് ഈ ബന്ധം പിരിയുന്നത്. തിരുവനന്തപുരത്തേക്ക് താമസം മാറിയതോടെ പല സംഭവങ്ങളും ഞങ്ങള്‍ക്കിടയിലുണ്ടായി. കുഞ്ഞിന്റെ വിയോഗം ആ സമയത്ത് രണ്ട് പേരെയും തളര്‍ത്തി. വലിയ ഡിപ്രഷനിലേക്ക് ചെന്നു വീഴുകയായിരുന്നു. വിവാഹമോചനത്തിനു ശേഷം ശ്രീനാഥിനെ കാണാനോ സൗഹൃദം തുടരാനോ താന്‍ ശ്രമിച്ചിട്ടില്ലെന്നും ശാന്തികൃഷ്ണ പറഞ്ഞു.

രണ്ടാം വിവാഹത്തെ കുറിച്ചും താരം മനസ്സുതുറന്നു. എല്ലാം അറിഞ്ഞുകൊണ്ടാണ് അയാള്‍ ജീവിതത്തിലേക്ക് കയറിവന്നതും രണ്ടാം വിവാഹം കഴിച്ചതും. എന്നാല്‍ ഈഗോയും തെറ്റിദ്ധാരണയും വില്ലനായി. ആ ബന്ധത്തില്‍ രണ്ട് കുഞ്ഞുങ്ങളുണ്ടായി. 18 വര്‍ഷത്തെ ദാമ്പത്യമായിരുന്നു അത്. രണ്ട് കുഞ്ഞുങ്ങളെ തനിക്ക് നല്‍കി. ഇപ്പോള്‍ അദ്ദേഹം വേറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുകയാണെന്നും ശാന്തികൃഷ്ണ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :