ഞാന്‍ ദിലീപിന്റെ വീട്ടില്‍ പോയതല്ല, ഫിയോക്കിന്റെ പരിപാടിയില്‍ പങ്കെടുത്തതാണ്; പ്രതിരോധിച്ച് രഞ്ജിത്ത്

രേണുക വേണു| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (15:53 IST)

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപുമായി ഫിയോക്കിന്റെ വേദി പങ്കിട്ടതിനെ ന്യായീകരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പരിപാടിക്കാണ് പോയതെന്നും തന്നെ ക്ഷണിച്ചത് ദിലീപ് അല്ലെന്നും രഞ്ജിത് പറഞ്ഞു. ദിലീപിനെ തനിക്ക് വര്‍ഷങ്ങളായി അറിയാമെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ദിലീപിന്റെ വീട്ടില്‍ പോയി ദിലീപിനെ കണ്ടിട്ടില്ല. ദിലീപിനൊപ്പം ചായ കുടിക്കാന്‍ ഒരു റസ്റ്റോറന്റില്‍ പോയിട്ടില്ല. ഇനി പോയെങ്കില്‍ തന്നെ എന്താ? ദിലീപ് എനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന ആളാണ്. നാളെ ഇനി ഞാന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെന്ന് പറഞ്ഞ് എനിക്ക് ഇറങ്ങി ഓടാന്‍ പറ്റുമോ? ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആണെന്ന് വച്ച് തിയേറ്റര്‍ ഉടമകളുമായുള്ള ബന്ധം എനിക്ക് ഉപേക്ഷിക്കാന്‍ പറ്റില്ല. നാട്ടില്‍ ചര്‍ച്ച ചെയ്യാന്‍ മറ്റ് കാര്യങ്ങളൊന്നും ഇല്ലേ?' രഞ്ജിത്ത് ചോദിച്ചു.

രഞ്ജിത്തിനേയും മധുപാലിനേയും ഫിയോക്ക് ആദരിച്ച ചടങ്ങില്‍ ദിലീപും പങ്കെടുത്തിരുന്നു. രഞ്ജിത്തിന് സ്വാഗതം പറഞ്ഞ ദിലീപ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആകാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള ആളാണ് രഞ്ജിത്ത് എന്നും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :