‘ഇനിയും നഷ്ടം സഹിക്കാൻ കഴിയില്ല’- താരങ്ങളെ വിട്ട് തരാൻ ആകില്ലെന്ന് അമ്മയോട് നിർമാതാക്കളുടെ സംഘടന

അപർണ| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (14:13 IST)
പ്രളയത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സമാഹരിച്ച് നൽകുന്നതിനായി ഡിസംബറിൽ നടത്താനിരുന്ന സ്റ്റേജ് ഷോയ്ക്ക് താരങ്ങളെ വിട്ട് തരാൻ കഴിയില്ലെന്ന് നിർമാതാക്കളുടെ സംഘടന. അമ്മയെടുത്ത തീരുമാനം ഏകപക്ഷീയമാണെന്നും സംഘടന കുറ്റപ്പെടുത്തി.

സ്റ്റേജ് ഷോയ്ക്ക് വേണ്ടി സിനിമാ ചിത്രീകരണം നിർത്തിവെച്ച് താരങ്ങളെ നൽകണമെന്ന അമ്മയുടെ കത്തിന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നൽകിയ മറുപടി കത്തിലാണ് അമ്മയെ വിമർശിച്ചിരിക്കുന്നത്. നിര്‍മാതാക്കളോട് താരങ്ങള്‍ കാണിക്കുന്ന നിസ്സഹകരണം കൂടി പരാമര്‍ശിച്ചാണ് സെക്രട്ടറി എം.രഞ്ജിത് അമ്മയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.

പ്രളയക്കെടുതിയില്‍ അകപ്പെട്ട തങ്ങളെ വീണ്ടും നഷ്ടങ്ങള്‍ സഹിച്ചോളൂ എന്നു പറഞ്ഞ് ഷോ നടത്തുന്നതിനോട് യോജിക്കാനാകില്ലെന്നും കത്തില്‍ പറയുന്നു. അസോസിയേഷന്റെ കെട്ടിടം പണിക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി താര ഷോ സംഘടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ട് ഇതുവരെ സഹകരിച്ചിട്ടില്ല.


പ്രളയത്തില്‍ സിനിമാ വ്യവസായത്തിലെ അംഗങ്ങളടക്കം ഒട്ടനവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും തീയറ്ററുകള്‍ പോലും പ്രദര്‍ശനയോഗ്യമല്ലാതാകുകയും ചെയ്തു. ഓണത്തിന് പോലും സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. വിഷുവരെയുള്ള റിലീസും ചിത്രീകരണവും കഷ്ടപ്പെട്ടാണ് ക്രമീകരിച്ചത് ഇത്തരമൊരു സാഹചര്യത്തില്‍ താരങ്ങളെ വിട്ടു തരാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

കേരള ഫിലിം ചേംബറിനോടോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോടോ ആലോചിക്കാതെ അമ്മ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുത്തത് തികച്ചും പ്രതിഷേധാര്‍ഹമാണ്. തങ്ങളോട് ഒന്നും ആലോചിക്കാന്‍ തയ്യാറാകാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ നടപടി തെറ്റാണെന്നും അസോസിയേഷന്‍ കത്തില്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :