അപർണ|
Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (11:25 IST)
കുഞ്ഞാലി മരക്കാർ എന്ന ചിത്രം പ്രഖ്യാപിച്ചതു മുതൽ പ്രേക്ഷകർക്ക് ആകാംക്ഷയായിരുന്നു. ആദ്യം ബിഗ് സ്ക്രീനിലേക്ക് എത്തുന്ന മരയ്ക്കാർ മമ്മൂട്ടിയോ മോഹൻലാലോ ആരാണെന്നറിയാനുള്ള ആകാംഷ. ഏകദേശം ഒരേസമയമാണ് രണ്ട് ചിത്രങ്ങളും പ്രഖ്യാപിച്ചത്.
എന്നാൽ മമ്മൂട്ടിച്ചിത്രം ഉടന്‍ ഉണ്ടാവില്ലെന്ന് പറഞ്ഞതോടെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സിനിമ ഒരുക്കാനുള്ള തീരുമാനത്തിലായിരുന്നു. പക്ഷേ സമയമെടുക്കുമെന്നാണ് സംവിധായകൻ പ്രിയദർശനും പറയുന്നത്. ചിത്രം 2020ൽ തിയേറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘ഡിസംബറില്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചിത്രം 2020 ലെ തീയേറ്ററുകളിലെത്തൂ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന് വളരെ അധികം സമയം ആവശ്യമാണെന്നും അതില്‍ കൂടുതല്‍ ശ്രദ്ധയും സമയം നല്‍കേണ്ടതുണ്ടെ’ന്നുമാണ് റിലീസ് നീളുന്നതിന് കാരണമായി പ്രിയദര്‍ശന്‍ പറഞ്ഞത്.
ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേർന്ന് നിർമ്മിക്കുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന മോഹന്‍ലാല്‍ ചിത്രം ബിഗ് ബജറ്റിലാണ് അണിയറയിൽ ഒരുങ്ങുന്നത്. 100 കോടിയ്ക്ക് അടുത്തായിരിക്കും ചിത്രത്തിന്റെ മുടക്കുമുതൽ.
ചിത്രത്തില്‍ സാമൂതിരിയായി നടന്‍ മുകേഷ് വേഷമിടുന്നു. പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മരയ്ക്കാറുടെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുക എന്നാണ് സൂചന. ഇരുവര്‍ക്കും ചിത്രത്തില്‍ ഗസ്റ്റ് അപ്പിയറന്‍സാണ്. ഇവര്‍ക്ക് പുറമേ കീര്‍ത്തി സുരേഷും മഞ്ജുവാര്യരും സിനിമയില്‍ പ്രധാനവേഷ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.