30 ലക്ഷം രൂപ കുറച്ച് കാട്ടി, 9 ലക്ഷമെങ്കിലും അടയ്ക്കണം; പൃഥ്വിരാജിന്റെ കാര്‍ രജിസ്‌ട്രേഷന്‍ തടഞ്ഞു

നീലിമ ലക്ഷ്മി മോഹൻ| Last Modified വെള്ളി, 8 നവം‌ബര്‍ 2019 (12:14 IST)
നടന്‍ പൃഥ്വിരാജ് പുതിയതായി വാങ്ങിയ ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ്. കാറിന്റെ വിലയില്‍ നിന്നും 30 ലക്ഷം രൂപ കുറവ് കാണിച്ച് രജിസ്റ്ട്രേഷൻ നടത്താൻ ശ്രമിച്ചതാണ് തടഞ്ഞത്. കാറിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷനു വേണ്ടി വാഹന വ്യാപാരി നല്‍കിയ അപേക്ഷയ്‌ക്കൊപ്പം വില 1.34 കോടി രൂപയെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ യഥാര്‍ഥ വില 1.64 കോടിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.

30 ലക്ഷം രൂപ 'സെലിബ്രിറ്റി ഡിസ്‌കൗണ്ട്' ഇനത്തില്‍ വില കുറച്ചു നല്‍കിയതാണെന്നാണ് വാഹനം വിറ്റ സ്ഥാപനത്തിന്റെ പ്രതികരണം. എന്നാല്‍ ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്ക് വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. ഇക്കാര്യത്തിൽ വ്യത്യാസം കണ്ടതോടെയാണ് നടപടി സ്വീകരിച്ചത്.

എറണാകുളം ആര്‍ടി ഓഫീസില്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ബില്ലില്‍ വില 1.34 കോടി രൂപയെന്ന് രേഖപ്പെടുത്തി ഇതിനനുസരിച്ചുള്ള നികുതി മാത്രമാണ് അടച്ചിരുന്നത്. നികുതിയിളവ് നേടാന്‍ ഡീലര്‍ ബില്ലില്‍ തിരുത്തു വരുത്തിയതു താരം അറിയണമെന്നില്ലെന്ന് ആര്‍ടിഒ അധികൃതര്‍ പറഞ്ഞു. കാറിന്റെ വില അനുസരിച്ച് നികുതിയായി ഇനിയും 9 ലക്ഷം രൂപ കൂടെ അടയ്ക്കാതെ രജിസ്ട്രേഷൻ നടത്താൻ കഴിയില്ലെന്ന് മോട്ടര്‍ വാഹന വകുപ്പ വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :