'അത് മനുഷ്യവിരുദ്ധം, നിങ്ങളത് പറയുമ്പോള്‍ വിഷമം തോന്നുന്നു'; കടുവയിലെ പൃഥ്വിരാജിന്റെ ഡയലോഗിനെതിരെ വിമര്‍ശനം

രേണുക വേണു| Last Modified ശനി, 9 ജൂലൈ 2022 (11:50 IST)

പൃഥ്വിരാജ് ചിത്രം കടുവയിലെ ഒരു രംഗത്തെ വിമര്‍ശിച്ച് എഴുത്തുകാരനും ഇടത് ചിന്തകനുമായ പ്രേം കുമാര്‍. ഭിന്നശേഷിക്കാരായ മക്കളുണ്ടാകുന്നത് മാതാപിതാക്കളുടെ കര്‍മ്മഫലമാണെന്ന തരത്തില്‍ കടുവയില്‍ പൃഥ്വിരാജ് പറയുന്ന ഡയലോഗ് അനുചിതമായെന്ന് പ്രേംകുമാര്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. മനുഷ്യവിരുദ്ധമായ ഡയലോഗ് ആയിരുന്നു അതെന്നും പൃഥ്വിരാജ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രേംകുമാര്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

പ്രിയപ്പെട്ട പൃഥ്വിരാജ്,

സുപ്രിയമായത് പറയാനല്ല; അപ്രിയമായൊരു കാര്യം പറയാനാണ്. നിങ്ങളുടെ എടപ്പാളിലെ ഞങ്ങളുടെ തിയറ്ററില്‍ ഇന്ന് 'കടുവ' കണ്ടു. ഒരു ഷാജി കൈലാസ് പടം കാണാനാണ് ടിക്കറ്റെടുത്ത്; കണ്ടതുമതുതന്നെയാണ്.

നിറയെ ആളുണ്ട്; ഇനിയും ആള് നിറയുമെന്ന് തന്നെയാണ് തോന്നുന്നത്. പതിവ് ഷാജി കൈലാസ് ഡയലോഗുകളില്‍ നിന്ന് കൃത്യമായ ചില നല്ല മാറ്റങ്ങള്‍ അറിയാനാവുന്നുണ്ട്. Racist, Sexist, Chauvinistic elements ഏതാണ്ട് മുഴുവനായ് ഒഴിവാക്കിയെന്നത് നല്ല കാര്യം. ഒഴിവാക്കിയവയെക്കാള്‍ മനുഷ്യവിരുദ്ധമായൊന്ന് പടത്തിന്റെ തുടക്കത്തില്‍ത്തന്നെ കേള്‍ക്കേണ്ടിവന്നു എന്നത് വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.


ഭിന്നശേഷിക്കാരായ മക്കളുണ്ടാവുന്നത് മാതാപിതാക്കളുടെ കര്‍മ്മഫലമാണെന്ന് പറയുന്നത്...ഏത് വില്ലനോടായാലുമേത് വില്ലനായാലും മനുഷ്യവിരുദ്ധമേന്നേ പറയാനാവൂ. എഴുതിയത് വേറൊരാളാണെന്ന് നിങ്ങള്‍ക്ക് പറയാം. കഥാപാത്രമാണ്, നടനല്ല സംസാരിക്കുന്നതെന്ന് പറയാം. ആന്റീഹീറോയുടെ Hubris വെളിവാക്കുന്ന വാക്കുകളാണെന്ന് പറയാം. കടുവാ കുര്യന്റെ Hamartia അതാണെന്ന് പറയാം. 'Tangling of the knot' തുടങ്ങാനുള്ളൊരു Cue ആയിരുന്നു അതെന്ന് പറയാം.

ഇതെല്ലാം പറയാമെന്നല്ലാതെ, ഇതെല്ലാം കേള്‍ക്കാമെന്നല്ലാതെ, പ്രിയപ്പെട്ട പൃഥ്വിരാജ്...നിങ്ങളില്‍ നിന്നാ വാക്കുകള്‍ കേള്‍ക്കേ വല്ലാത്ത ദുഃഖം തോന്നുന്നുണ്ട്. അങ്ങനെ ദുഃഖം തോന്നുന്നതിന് നിങ്ങളായുണ്ടാക്കിവെച്ച ചില കാരണങ്ങളുണ്ട്. മലയാളത്തിലെ മഹാനടന്മാര്‍ വരെ മഹാമൗനത്തിലിരുന്ന ചില നേരങ്ങളില്‍ സ്വാഭിമാനത്തിനുവേണ്ടി പൊരുതുന്നൊരു സഹജീവിക്കു വേണ്ടി നിങ്ങളന്നുപറഞ്ഞ വാക്കുകളോര്‍ക്കെ, സ്വജീവിതത്തിനു വേണ്ടി പൊരുതുന്ന ദ്വീപുകാര്‍ക്കൊപ്പം നിന്ന് നിങ്ങളന്നുപറഞ്ഞ വാക്കുകളോര്‍ക്കെ, ശ്രദ്ധയോടെയേ ഇനി സിനിമയിലും വാക്കുകളുപയോഗിക്കൂ എന്ന് നിങ്ങളന്നുപറഞ്ഞ വാക്കുകളോര്‍ക്കെ, വല്ലാത്ത ദുഃഖം തോന്നുന്നുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളെ ചേര്‍ത്തുപിടിക്കേണ്ടവരല്ലേ നമ്മള്‍? അങ്ങനെയുള്ള ചേര്‍ത്തുപിടിക്കലുകളില്‍ കൂടെ നില്‍ക്കേണ്ടവരല്ലേ നമ്മള്‍? വാ വിട്ടുപോയ വാക്കെങ്ങിനെയാണ് തിരുത്തുകയെന്നൊന്നുമെനിക്കറിയില്ല.

പക്ഷേ,

ഒരു കാര്യമെനിക്കുമറിയാം.

കുട്ടിയായിരുന്ന കാലം മുതല്‍ തന്നെ മലയാളികള്‍ക്ക് നിങ്ങളെ വലിയ ഇഷ്ടമായിരുന്നു. ആ ഇഷ്ടത്തിന് കാരണമായിരുന്നത് നിങ്ങളുടെ അച്ഛനുമമ്മയും ജീവന്‍ നല്‍കിയ നല്ല കഥാപാത്രങ്ങളോടുള്ള മലയാളികളുടെ ഇഷ്ടമായിരുന്നു. ഇത്തരമൊരധിക്ഷേപം മലയാളത്തില്‍ തുടങ്ങിവെച്ചത് ഒരു പൃഥ്വിരാജ് കഥാപാത്രമാണെന്ന് നാളത്തെ കുട്ടികള്‍ പറയാനിടവരാതിരിക്കട്ടെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :