VISHNU N L|
Last Modified വ്യാഴം, 11 ജൂണ്‍ 2015 (18:57 IST)
മലയാളത്തില്‍ പ്രത്യേകതകളൊന്നുമില്ലാത്ത ചിത്രം എന്ന ടൈറ്റിലിലില്‍ പുറത്തിറങ്ങിയ പ്രണയ ചിത്രമായ പ്രേമം ബോക്സോഫീസില്‍ ചലനം സൃഷ്ടിക്കുന്നു. പ്രേമം കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് പണം വാരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇപ്പോള്‍തന്നെ പ്രേമം 20 കോടിയുടെ കളക്ഷന്‍ നേടിയതായാണ് വിവരം.
സാധാരണ പരിചയിച്ചതുപോലെയുള്ള പ്രണയ സിനിമകളില്‍ നിന്ന് യാതൊരു വ്യത്യാസമില്ലെങ്കിലും സിനിമയുടെ ആഖ്യാന രീതിയാണ് പ്രേക്ഷകരെ ആകര്‍ഷിച്ചിരിക്കുന്നത്. പ്രേമത്തിന്റെ മികച്ച വിജയത്തൊടെ മലയാളത്തിലെ ഹിറ്റ്മേക്കറായി സിനിമയിലെ നായകന്‍ നിവിന്‍ പോളി ഉയര്‍ന്നിരിക്കുകയാണ്.
വെറും 13 ദിവസങ്ങള്‍ക്കൊണ്ട് കേരളത്തിലെ തീയേറ്ററുകളെ ഉണര്‍ത്തിയ മാജിക്കാണ് പ്രേമം കൊണ്ടുവന്നിരിക്കുന്നത്. തീയേറ്ററുകളില്‍ ടിക്കറ്റ് പോലും ലഭിക്കാന്‍ സാധിക്കാത്ത തരത്തില്‍ തിരക്കുണ്ടായി. ഏറെക്കാലമായി മലയാള സിനിമയില്‍ ഇത്തരമൊരു പ്രതിഭാസം ഉണ്ടായിക്കണ്ടിട്ട്.
സിനിമ റിലീസ് ചെയ്ത ദിവസങ്ങളിലെ അതേ തരംഗം തന്നെയാണ് പ്രേമം രണ്ടാഴ്ച കഴിഞ്ഞിട്ടും നിലനിര്‍ത്തുന്നത്.
ഇത് സിനിമ കാണാത്തവരെ പ്രേമം കാണാന്‍ നിര്‍ബന്ധിതരാക്കി തീര്‍ത്തിരിക്കുകയാണ്.
കാണികളുടെ തിരക്ക് നിയന്ത്രിക്കാനായി തീയേറ്ററുകള്‍ മറ്റ് സിനിമകളുടെ പ്രദര്‍ശനം വെട്ടിച്ചുരുക്കി പ്രേമത്തിനായി അര്‍ധരാത്രിയില്‍ സെക്കന്‍ഡ് ഷോകള്‍ ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. മഴയേപ്പോലും അവഗണിച്ച് സിനിമാ പ്രദര്‍ശനം ഉള്ള സ്ഥാലങ്ങളിലേക്ക് ആളുകള്‍ എത്തിച്ചേരുന്നു എന്നാണ് തീയേറ്റര്‍ ഉടമകള്‍ പോലും സാക്ഷ്യപ്പെടുത്തുന്നത്.