രേണുക വേണു|
Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (11:57 IST)
ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം' ഓ.ടി.ടി. റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈമിലൂടെ മരക്കാര്‍ റിലീസ് ചെയ്യാനാണ് സാധ്യത. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ കേരളത്തിലെ തിയറ്ററുകള്‍ തുറക്കാനിരിക്കെയാണ് ആരാധകരെ ഞെട്ടിച്ച് പുതിയ വിവരം പുറത്തുവരുന്നത്. തിയറ്റര്‍ തുറന്നാല്‍ മരക്കാര്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഓ.ടി.ടി. റിലീസ് ആണ് നല്ലതെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതായാണ് വിവരം. മുംബൈയിലെ ആമസോണ്‍ പ്രതിനിധികളുമായി സിനിമയുടെ നിര്‍മാതാവ് ചര്‍ച്ച നടത്തിയെന്നാണ് വിവരം. ആമസോണ്‍ പ്രതിനിധികള്‍ മരക്കാര്‍ കണ്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും മരക്കാര്‍ ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ നേരത്തെയും താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, സംവിധായകന്‍ പ്രിയദര്‍ശന്‍ എതിര്‍ക്കുകയായിരുന്നു. തിയറ്റര്‍ തുറക്കുന്നതുവരെ കാത്തിരിക്കാം എന്ന നിലപാടായിരുന്നു പ്രിയദര്‍ശന്. ഇപ്പോള്‍ പ്രിയദര്‍ശനും ഓ.ടി.ടി. റിലീസിന് വഴങ്ങിയെന്നാണ് വിവരം.