മമ്മൂട്ടി രാജ്യസഭയിലേക്ക് ! ചരടുവലി ശക്തമാക്കി സിപിഎം; മെഗാസ്റ്റാര്‍ എംപിയാകുമോ?

രേണുക വേണു| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (11:08 IST)

സിനിമാ താരങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് ആരാധകര്‍ക്ക് അറിവുള്ളതാണ്. മമ്മൂട്ടി ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന നടനാണ്. മാത്രമല്ല ഇടതുപക്ഷ ചാനലായ കൈരളി ടിവിയുടെ ചെയര്‍മാന്‍ കൂടിയാണ് മമ്മൂട്ടി.

മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന് വര്‍ഷങ്ങളായി ആരാധകര്‍ക്കിടയില്‍ ചോദ്യമുണ്ട്. എന്നാല്‍ സിനിമയില്‍ മാത്രം ശ്രദ്ധിക്കാനാണ് തനിക്ക് താല്‍പര്യമെന്നാണ് ചോദ്യങ്ങളോടെല്ലാം മമ്മൂട്ടി മുന്‍പ് പ്രതികരിച്ചിരുന്നത്.

മമ്മൂട്ടിയെ രാജ്യസഭ എംപിയാക്കാന്‍ ആലോചന നടക്കുന്നതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു. കേരളത്തില്‍ നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ വിജയിക്കാനാവുന്ന രണ്ടെണ്ണം ഏറ്റെടുക്കാന്‍ സിപിഎം ഒരുങ്ങിക്കഴിഞ്ഞു.. ഒരു സീറ്റില്‍ ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ തന്നെ മത്സരിക്കും. മറ്റൊരു സീറ്റ് മമ്മൂട്ടിക്ക് നല്‍കാന്‍ സിപിഎം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

എന്നാല്‍, രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് മമ്മൂട്ടി ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നാണ് അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യസഭ എംപി സ്ഥാനം ഏറ്റെടുത്താല്‍ സിനിമ തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. സിനിമയോട് വിട്ടുവീഴ്ച ചെയ്ത ഒരു രാഷ്ട്രീയത്തിലേക്കും താനില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്ന് മമ്മൂട്ടി അറിയിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കേണ്ട എന്ന നിലപാടിലാണ് സിപിഎം നേതൃത്വവും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :