കൈപിടിച്ചുയര്‍ത്തിയത് മമ്മൂട്ടി, ദുല്‍ഖറിന്റെ നായികയാക്കി; മാളവിക മോഹനന്റെ സിനിമ ജീവിതം

രേണുക വേണു| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (11:13 IST)

ആദ്യ സിനിമയില്‍ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് മാളവിക മോഹനന്‍. ഇന്ന് തന്റെ 28-ാം ജന്മദിനം ആഘോഷിക്കുകയാണ് താരം. ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ തന്നെ അറിയപ്പെടുന്ന നടിയാകാന്‍ മാളവികയ്ക്ക് സാധിച്ചു. അതിനെല്ലാം നിമിത്തമായത് സാക്ഷാല്‍ മമ്മൂട്ടിയും.

മാളവികയുടെ പിതാവ് കെ.യു.മോഹനന്‍ മലയാളത്തിലെ അറിയപ്പെടുന്ന ഛായാഗ്രഹകനാണ്. മാളവികയ്ക്ക് ചെറുപ്പം മുതലേ സിനിമാ ലോകത്തെ കുറിച്ച് അറിയാം. ഒരു പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി മാളവികയെ പരിചയപ്പെടുന്നത്. മാളവികയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് മമ്മൂട്ടി തിരക്കി. നല്ല കഴിവുള്ള കുട്ടിയാണെന്ന് മനസിലായപ്പോള്‍ മമ്മൂട്ടി മാളവികയ്ക്കായി അവസരം തേടി. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി എന്‍.അളഗപ്പന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച പട്ടം പോലെ എന്ന സിനിമയിലേക്ക് പുതുമുഖ നായികയെ തേടുന്ന സമയമായിരുന്നു അത്. മകന്റെ നായികയായി മാളവികയെ പരിഗണിക്കാമെന്ന് മമ്മൂട്ടിയാണ് അളഗപ്പനോട് പറഞ്ഞത്. ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മാളവിക മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

' ഞാന്‍ ദുല്‍ഖറിന്റെ നായികയായി അഭിനയിച്ചാല്‍ നന്നായിരിയ്ക്കും എന്ന് സംവിധായകനോട് പറഞ്ഞത് മമ്മൂക്കയാണ്. അതിന് ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിയ്ക്കുന്നു. അതുവരെ സിനിമ എന്ന ലോകം എന്റെ സ്വപ്നത്തിലേ ഉണ്ടായിരുന്നതല്ല. പട്ടം പോലെ എന്ന സിനിമ വിജയിച്ചാലും ഇല്ലെങ്കിലും മമ്മൂക്ക അത് കാണുമ്പോള്‍, അദ്ദേഹം എന്നില്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തണം എന്ന ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുണ്ടായ വിശ്വാസമാണ് എന്റെ ആത്മവിശ്വാസം,' പഴയൊരു അഭിമുഖത്തില്‍ മാളവിക പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :