രേണുക വേണു|
Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (16:27 IST)
മലയാള സിനിമയിലെ പെരുന്തച്ചനാണ് തിലകന്‍. എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര കരുത്തുറ്റ കഥാപാത്രങ്ങളാണ് തിലകന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. സിനിമയിലെ കഥാപാത്രങ്ങളെ പോലെയായിരുന്നു ജീവിതത്തിലും തിലകന്‍. ഉള്ളിലുള്ളതെല്ലാം പുറത്ത് പ്രകടിപ്പിക്കും. ഉള്ളിലൊന്നും പുറത്ത് മറ്റൊന്നും എന്ന രീതി തിലകന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ തിലകന്റെ പേരു ചേര്‍ത്ത് നിരവധി വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് സൂപ്പര്‍താരങ്ങള്‍ക്കെതിരെ തിലകന്‍ തുറന്നടിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കെതിരെയെല്ലാം തിലകന്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഒടുവില്‍ താരസംഘടനയായ അമ്മ തിലകനെ വിലക്കുകയും ചെയ്തു.
പില്‍ക്കാലത്ത് തനിക്ക് മമ്മൂട്ടിയും മോഹന്‍ലാലുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് ഒരു അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞു. 'മമ്മൂട്ടിയുമായി വഴക്കടിച്ചിട്ടുണ്ട്. അതിനെല്ലാം കൃത്യമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. അത് അദ്ദേഹത്തിനും അറിയാം. എന്നാല്‍, ഇപ്പോള്‍ എനിക്ക് മമ്മൂട്ടിയുമായി യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹത്തിനു എന്നോട് ഉണ്ടോ എന്ന് അറിയില്ല,' മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തിലകന്‍ ഇക്കാര്യം പറഞ്ഞത്.
മോഹന്‍ലാലുമായി നേരിട്ട് ഒരിക്കല്‍ പോലും വഴക്കടിച്ചിട്ടില്ലെന്നും ഈ അഭിമുഖത്തില്‍ തിലകന്‍ പറയുന്നു. മോഹന്‍ലാലിന് മോഹന്‍ലാലിന്റെ കഴിവ് അറിയില്ല. അഭിനയത്തില്‍ ആനയുടെ കഴിവാണ് അദ്ദേഹത്തിന്. പക്ഷേ, മോഹന്‍ലാല്‍ അത് തിരിച്ചറിയുന്നില്ല എന്നും തിലകന്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിലും മമ്മൂട്ടിക്കും ചുറ്റും ചില ഉപഗ്രഹങ്ങള്‍ ഉണ്ടെന്നും അത്തരക്കാരെയാണ് താന്‍ വിമര്‍ശിക്കുന്നതെന്നും തിലകന്‍ പറഞ്ഞിരുന്നു. ഇതേ അഭിമുഖത്തില്‍ അന്നത്തെ സൂപ്പര്‍സ്റ്റാറായ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനമാണ് തിലകന്‍ ഉന്നയിച്ചത്. ദിലീപിനെ 'വിഷം' എന്നാണ് തിലകന്‍ അഭിസംബോധന ചെയ്തത്. ഇത് അക്കാലത്ത് ഏറെ വിവാദമായിരുന്നു.