Kalyani Priyadarshan: അഭിമുഖങ്ങൾ നൽകാൻ ഇപ്പോഴും ഭയമാണ്, കാരണം...: കല്യാണി പ്രിയദർശൻ പറയുന്നു
ആകാംഷയോടെയാണ് കല്യാണിയും ആരാധകരും ഈ ഓണക്കാലത്ത് കാത്തിരിക്കുന്നത്.
മലയാളത്തിന്റെ യുവതാരമാണ് കല്യാണി പ്രിയദര്‍ശന്‍. തമിഴ്, തെലുങ്ക് ഭാഷകളിലും കല്യാണി സിനിമകൾ ചെയ്യുന്നുണ്ട്. ഈ ഓണത്തിന് കല്യാണിയുടേതായി രണ്ട് സിനിമകളാണ് തിയേറ്ററുകളിലെത്തുന്നത്. സൂപ്പര്‍ ഹീറോയായി എത്തുന്ന ലോകയും റോം കോം ചിത്രമായ ഓടും കുതിര ചാടും കുതിരയും. ആകാംഷയോടെയാണ് കല്യാണിയും ആരാധകരും ഈ ഓണക്കാലത്ത് കാത്തിരിക്കുന്നത്.
സിനിമാ പ്രൊമോഷനുകളില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് അഭിമുഖങ്ങളാണ്. എന്നാല്‍ തനിക്ക് അഭിമുഖങ്ങള്‍ നല്‍കാന്‍ താല്‍പര്യമില്ലെന്നാണ് കല്യാണി പറയുന്നത്. കല്യാണിയ്ക്ക് അഭിമുഖങ്ങളോട് താല്‍പര്യമില്ലാതാകാന്‍ ചില കാരണങ്ങളുണ്ട്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് കല്യാണി സംസാരിക്കുന്നുണ്ട്. തന്നെ ആളുകള്‍ തെറ്റിദ്ധരിക്കുമോ എന്ന ഭയമാണ് കല്യാണി പറയുന്ന കാരണം.
''അഭിമുഖങ്ങള്‍ നല്‍കുമ്പോള്‍ ഞാന്‍ വളരെ വള്‍നറബിള്‍ ആകും. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മുഖംമൂടികള്‍ക്ക് പിന്നില്‍ ഒളിക്കാനാണ് എനിക്കിഷ്ടം. അഭിമുഖങ്ങള്‍ നല്‍കുമ്പോള്‍ ഞാന്‍ ആരെണന്ന വിധിക്കപ്പെടലുകള്‍ ഉണ്ടാകുമെന്ന ഭയം എനിക്കുണ്ട്. ഞാന്‍ വളരെ പ്രൈവറ്റായൊരു ആളാണ്.
എന്നെ വളര്‍ത്തിയതും അങ്ങനെയാണ്. കാര്യങ്ങളെ സാഹചര്യത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് സംസാരിക്കുന്നൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മുമ്പ് പലപ്പോഴായി എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അതിനാല്‍ വീണ്ടും തെറ്റിദ്ധരിക്കപ്പെടുമെന്ന ഭയം എനിക്കുണ്ട്'' എന്നാണ് കല്യാണി പറയുന്നത്.
