രേണുക വേണു|
Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (16:46 IST)
കുഞ്ഞിന് ജന്മം നല്‍കുന്നതിനു വേണ്ടി താന്‍ കടന്നുപോയ നിമിഷങ്ങളെ കുറിച്ച് മനസ്സുതുറന്നു പ്രശസ്ത സിനിമാ താരം കാജല്‍ അഗര്‍വാള്‍. പ്രസവാനന്തരം പങ്കുവെച്ച കുറിപ്പിലാണ് താന്‍ സഹിച്ച കാര്യങ്ങളെ കുറിച്ച് കാജല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മകന്‍ പിറന്ന് തന്റെ നെഞ്ചോട് ചേര്‍ന്ന നിമിഷം തനിക്കുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നെന്ന് കാജല്‍ പറഞ്ഞു. അഗാധമായ സ്നേഹവും സന്തോഷവും എന്താണെന്ന് തനിക്ക് അപ്പോള്‍ മനസ്സിലായെന്നും കാജല്‍ പറഞ്ഞു.
'ഉറക്കമില്ലാത്ത ആ മൂന്ന് രാത്രികള്‍ എളുപ്പമായിരുന്നില്ല. രക്തം വാര്‍ന്നുപോകുന്ന സമയം, വലിഞ്ഞു മുറുകിയിരിക്കുന്ന വയറ്, നനഞ്ഞ പാഡുകള്‍, ബ്രെസ്റ്റ് പമ്പുകള്‍, അനിശ്ചിതത്വം, എല്ലാം ശരിയായി നടക്കുമോ എന്ന ആകുലത, കൂടാതെ മരുന്നുകള്‍ മൂലമുള്ള ഉത്കണ്ഠ ഇതെല്ലാം ഉണ്ടായിരുന്നു. എങ്കിലും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ കൂടിയായിരുന്നു അത്. മധുരമുള്ള ആലിംഗനങ്ങളും ഉമ്മകളും നിറഞ്ഞ പ്രഭാതങ്ങള്‍, ഞങ്ങള്‍ രണ്ടുപേരും മാത്രമുള്ള ശാന്തമായ നിമിഷങ്ങള്‍, ഒരുമിച്ചു വളരുന്നു, ഒരുമിച്ചു പഠിക്കുന്നു, മനോഹരമായ അനുഭവങ്ങള്‍ പരസ്പരം ഉണ്ടാകുന്നു. വാസ്തവത്തില്‍ പ്രസവാനന്തരം ആകര്‍ഷകമല്ല. പക്ഷേ, മനോഹരമാക്കാന്‍ നമ്മള്‍ ശ്രമിക്കണം,' കാജല്‍ കുറിച്ചു.
കഴിഞ്ഞ 19 നാണ് കാജലിന് ആണ്‍കുഞ്ഞ് പിറന്നത്. നീല്‍ എന്നാണ് മകന്റെ പേര്.