നിയമ കുരുക്കോ? പൃഥ്വിരാജ് ചിത്രം കടുവ റിലീസ് ചെയ്യില്ലേ !

രേണുക വേണു| Last Modified ശനി, 2 ജൂലൈ 2022 (09:49 IST)

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കടുവ. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പക്കാ മാസ് എന്റര്‍ടെയ്‌നറാണ് കടുവയെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 30 ന് വേള്‍ഡ് വൈഡായി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടിവയ്‌ക്കേണ്ടിവന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ജൂലൈ ഏഴിനാണ് സിനിമ റിലീസ് ചെയ്യുക.

ഹൈക്കോടതി ഇടപെടലും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകിയതുമാണ് സിനിമയുടെ റിലീസ് നീളാന്‍ കാരണം. പാലാ സ്വദേശിയും പ്ലാന്ററും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍ കടുവ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതാണ് തിരിച്ചടിയായത്. ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

തന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കടുവ എന്ന സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് ജോസ് കുരുവിനാക്കുന്നേലിന്റെ ആരോപണം. തന്റെ കുടുംബത്തെ അപമാനിക്കുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് ജോസ് ആരോപിക്കുന്നു. നിയമയുദ്ധം സിനിമയുടെ റിലീസിനെ തന്നെ ബാധിക്കുമോ എന്ന സംശയത്തിലാണ് ആരാധകര്‍.

കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ് താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും അദേഹം പറഞ്ഞിരിക്കുന്നു. തന്റെ ജീവിതത്തിലുണ്ടായ യഥാര്‍ഥ സംഭവങ്ങളും അതിനോടൊപ്പം ചില വ്യാജ സംഭവങ്ങളും ഇടകലര്‍ത്തിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സിനിമയില്‍ ഉള്ള വ്യാജ സീനുകള്‍ തന്റെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ നടന്നതാണെന്നു പ്രേക്ഷകര്‍ കരുതും. അത് വഴി തന്റെ സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാകുമെന്നും ജോസ് കുരുവിനാക്കുന്നേലില്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :