'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

ഖാലിദ് റഹ്‌മാന് പിന്തുണയുമായി സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് രംഗത്ത്.

നിഹാരിക കെ.എസ്| Last Modified ചൊവ്വ, 29 ഏപ്രില്‍ 2025 (15:19 IST)
കഴിഞ്ഞ ദിവസമാണ് സംവിധായകരായ ഖാലിദ് റഹ്‌മാനും അഷറഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായത്. ഇപ്പോഴിതാ, ഖാലിദ് റഹ്‌മാന് പിന്തുണയുമായി സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് രംഗത്ത്. എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദിയെന്നും ഇനി ഈ തീപ്പൊരി മുമ്പെങ്ങുമില്ലാത്ത വിധം കത്തുമെന്നും ജിംഷി ചിത്രത്തിനൊപ്പം കുറിച്ചു. ‘നിഗാസ് ഫോര്‍ ലൈഫ്’ എന്ന പ്രയോഗവും ഉപയോഗിച്ചു കൊണ്ടാണ് ജിംഷിയുടെ പോസ്റ്റ്.

കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്തതിന് ഇന്നലെ അറസ്റ്റിലായ ഗായകന്‍ വേടന്റെ ‘എല്ലാരും കല്ലെറിഞ്ഞേ, കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞേ’ എന്ന ഗാനത്തിനൊപ്പമാണ് ജിംഷിയുടെ പോസ്റ്റ്.
അഭിനേതാക്കളും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സേഴ്‌സും അടക്കം നിരവധി പേരാണ് ജിംഷിയുടെ പോസ്റ്റിന് പിന്തുണ നൽകിയിരിക്കുന്നത്.

നടന്‍മാരായ നസ്ലന്‍, ലുക്മാന്‍ അവറാന്‍, ശ്രീനാഥ് ഭാസി, നടി അനഘ രവി, ഗായകന്‍ ഡബ്സി തുടങ്ങിയവര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായെത്തി. നസ്ലെന്റെ ലവ് ഇമോജി കമന്റിന് താഴെ ‘ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവ് നോര്‍മലൈസ് ചെയ്ത് നാട്ടിലെ മൊത്തം പിള്ളേരും അടിച്ചുനടക്കട്ടെ’ എന്നായിരുന്നു ഒരു വിമര്‍ശനം. ‘എന്റെ പടം കൂടി ഇടൂ’ എ്ന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ കമന്റ്.

യുവ താരങ്ങള്‍ കഞ്ചാവ് ഉപയോഗത്തെ സാധാരണമെന്ന് കരുതി പിന്തുണയ്ക്കുന്നത് ഭയപ്പെടുത്തുന്നതാണ് എന്നുള്ള വിമര്‍ശനങ്ങളാണ് കൂടുതലും. വിന്‍സി അലോഷ്യസിനെപ്പോലെ നിലപാട് എടുക്കൂ എന്നാണ് മറ്റൊരാള്‍ നസ്ലിന് നല്‍കുന്ന നിര്‍ദേശം. യുവതാരങ്ങളെല്ലാം കഞ്ചാവ് ഉപയോഗം ഇന്ത്യയിൽ നിയമവിരുദ്ധമാണെന്ന് കാര്യം തിരിച്ചറിയുന്നത് നല്ലതാണെന്നും ചിലർ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :