Hybrid Cannabis: സംവിധായകരില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടിച്ച സംഭവം, സമീര്‍ താഹിറിന്റെ ഫ്‌ളാറ്റ് സ്ഥിരം ലഹരികേന്ദ്രം, ഉടനെ ചോദ്യം ചെയ്യും

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ഏപ്രില്‍ 2025 (12:21 IST)
കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും ഹൈബ്രിഡ്
കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ പിടികൂടിയ സംഭവത്തില്‍ സംവിധായകന്‍ സമീര്‍ താഹിറിനെയും പോലീസ് ചോദ്യം ചെയ്യും. സമീറിന്റെ പേരിലുള്ള ഫ്‌ളാറ്റില്‍ നിന്നുമായിരുന്നു ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയേയും എക്‌സൈസ് സംഘം പിടികൂടിയത്. ഇതിനെ തുടര്‍ന്ന് സമീര്‍ താഹിറിനെ നോട്ടീസ് നല്‍കി വിളിപ്പിക്കും. ഈ ഫ്‌ളാറ്റില്‍ ഇത് രണ്ടാം തവണയാണ് പരിശോധന നടത്തുന്നത്.

തിരക്കഥാ രചനയ്ക്കും സിനിമാ ചര്‍ച്ചകള്‍ക്കുമായി എടുത്തിരിക്കുന്ന ഗോശ്രീ പാലത്തിന് സമീപത്തായുള്ള ഫ്‌ളാറ്റില്‍ സ്ഥിരമായി വ്യാപകമായ രീതിയില്‍ ലഹരി ഉപയോഗം നടക്കുന്നതായി എക്‌സൈസ് സംഘം പറയുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആളുകള്‍ ഇവിടെ സ്ഥിരം എത്തുന്നുണ്ടെന്ന സൂചനകളും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.


ഇവര്‍ക്ക് ഇടനിലക്കാരനില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. ആരാണ് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയതെന്നുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സസ് പരിശോധന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :