Aadujeevitham :ആദ്യം പ്ലാന്‍ ചെയ്തത് 200 സ്‌ക്രീനുകളില്‍ അവസാനം 435 സ്‌ക്രീനുകളിലേക്ക്,സന്തോഷത്താല്‍ ആറാടുകയാണ് പൃഥ്വി,കുറിപ്പുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

Listin Stephen  prithviraj sukumaran
കെ ആര്‍ അനൂപ്| Last Modified ശനി, 30 മാര്‍ച്ച് 2024 (10:25 IST)
Listin Stephen prithviraj sukumaran
ആടുജീവിതം സിനിമയെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആടുജീവിതം സിനിമ ഏത് കാഴ്ചക്കാരന്റെയും കണ്ണുകള്‍ നിറയ്ക്കും എന്നാണ് അദ്ദേഹം പറയുന്നത്.

ആടുജീവിതം സിനിമയുടെ റിലീസ് നേരത്തെ ആകാനുള്ള ചര്‍ച്ചയുടെ ഭാഗമായിരുന്നു നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പൃഥ്വിരാജിനെ വിളിച്ച ദിവസമായിരുന്നു സിനിമയുടെ റിലീസ് ദിനം എന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ലിസ്റ്റിന്റെ പ്രതികരണം.

ലിസ്റ്റിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

ഇന്ന് ദു:ഖവെള്ളി ആയതു കൊണ്ട് പള്ളിയില്‍ പോയിരുന്നു. അത് കഴിഞ്ഞ് കാല്‍നടയായി കുരിശിന്റെ വഴിയില്‍ പങ്കെടുത്തിരുന്നു. നല്ല വെയില്‍ ഉണ്ടായിരുന്നു. കുറെ ദൂരം നടന്നു കഴിഞ്ഞപ്പോള്‍ ഞാനും എന്റെ മകനും നല്ലപോലെ മടുത്തു, മകന് ദാഹിച്ചപ്പോള്‍ വെള്ളം ചോദിച്ചു , അടുത്ത സ്ഥലത്ത് നിന്ന് വാങ്ങി തരാം എന്ന് പറഞ്ഞു. പക്ഷെ വെള്ളം കുടിക്കുന്നത് വരെയുള്ള താമസമുണ്ടല്ലോ ഒരല്‍പം അസഹനീയമായി തോന്നി.... അപ്പോഴാണ് ഞാന്‍ ആടുജീവിതം സിനിമയിലെ യഥാര്‍ത്ഥ നജീബിന്റെ മരുഭൂമിയിലൂടെയുള്ള വെള്ളവും ഭക്ഷണവും കിട്ടാതെയുള്ള യാത്രയെ കുറിച്ച് ഓര്‍ത്തു പോയത്. സത്യത്തില്‍ ആ സിനിമ നമ്മളെ അത്ഭുതപെടുത്തുന്നു ! എന്റെയും ഒരു സിനിമ മരുഭൂമിയില്‍ ചിത്രീകരിച്ചതാണ്, അത് ഒന്നും അല്ല പക്ഷേ ആടുജീവിതം മരുഭൂമിയിലൂടെ ഉള്ള ഒരു കഠിന യാത്രയാണ്. ആരുടേയും കണ്ണുകള്‍ ഒന്ന് നനയിപ്പിക്കും. അത് ഇപ്പോ എത്ര വലിയ കഠിന ഹൃദയം ഉള്ള വ്യക്തി ആയിക്കോട്ടെ മിനിമം 5,6 സീനുകളില്‍ കണ്ണ് നിറയും. ഈ സിനിമ ഏപ്രില്‍ പത്തിനായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്, ഒപ്പം 3 സിനിമകള്‍ കൂടിയുണ്ടായിരുന്നു അതെ തീയതിയില്‍ തന്നെ. അങ്ങനെയിരിക്കെ ഞാന്‍ പൃഥ്വിരാജുമായും ബ്ലസി ചേട്ടനുമായും ഒരു കൂടികാഴ്ച്ച നടന്നിരുന്നു. 28 ആം തിയതി റിലീസ് ചെയ്യുമ്പോള്‍ ഫ്രീ റണ്‍ കിട്ടും, അങ്ങനെ പ്രേക്ഷകരുടെ എല്ലാ പ്രശംസകളും എല്ലാം നിങള്‍ ഏറ്റുവാങ്ങി അത് മാക്‌സിമം എന്‍ജോയ് ചെയ്യാന്‍ ഉള്ള സമയം കൊടുക്ക് എന്നും ഞാന്‍ പറഞ്ഞിരുന്നു, ആ കൂടികാഴ്ച്ചയില്‍ ഞങ്ങള്‍ നടത്തിയ ചര്‍ച്ചയിലുമാണ് ആടുജീവിതം നമുക്ക് കുറച്ച് കൂടെ നേരത്തെ റിലീസ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കാം എന്ന് തീരുമാനിക്കുന്നത്. അങ്ങനെ മാര്‍ച്ച് 28 ന് തന്നെ സിനിമ റിലീസ് ചെയ്തു. ബ്ലസി ചേട്ടന്‍ ഒരു വിധത്തില്‍ലാണ് സമ്മതിച്ചത്. മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചു ! പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സിനിമ, ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച സിനിമ, ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സിനിമ. ആദ്യം പ്ലാന്‍ ചെയ്ത 200 സ്‌ക്രീന്‍ അത് കഴിഞ്ഞു 250 ആയി, സ്‌ക്രീന്‍ ഫുള്‍ ആകുന്നതു അനുസരിച്ചു സ്‌ക്രീനുകള്‍ കൂടി കൊണ്ടേ ഇരുന്നു. അങ്ങനെ 300 ആയി, 400 ആയി അവസാനം 435 സ്‌ക്രീനില്‍ എത്തി.

അതിനു ശേഷം സ്‌ക്രീന്‍ കൂട്ടിയില്ല! പിന്നെ ചോദിച്ച തീയേറ്റര്‍ ഉടമകളോടെല്ലാം സാറ്റര്‍ഡേ മുതല്‍ കൂട്ടി തരാം എന്ന് പറഞ്ഞു. എന്റെ 15 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ഇത്രയും സ്‌ക്രീനില്‍ ഒരേ സമയം പ്രദര്‍ശനം നടത്തുന്ന ആദ്യത്തെ പൃഥ്വിരാജിനൊപ്പം ഉള്ള മലയാള സിനിമ ആയി ആടുജീവിതം മാറി.. ഒരു തീയേറ്റര്‍ ഓണര്‍ വിളിച്ചു പറഞ്ഞത് മലയാളത്തിന്റെ ടൈറ്റാനിക് ആണ് ആട്ജീവിതം എന്നാണ്! ഇന്നലെയാണ് എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൃഥ്വിരാജിനെ 30 ഓളം തവണ വിളിച്ചതും, മെസ്സേജ് അയച്ചതും, സംസാരിച്ചതുമൊക്കെ. അതിനു കാരണം ആടുജീവിതമാണ്. ഈ സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും അറിയിച്ചു കൊണ്ടിരുന്നു എനിക്ക്. പരിചയം ഉള്ളവരുടെയും , ഇല്ലാത്തവരുടെയും കമന്റ്‌സ് & വിഷസ്സുകളും എല്ലാം പൃഥ്വിരാജിന് അയച്ചു കൊടുത്തിരുന്നു. ഇന്നലെയാണ് ആദ്യമായി പൃഥ്വിരാജ് എന്റെ എല്ലാ കോളുകളും എടുക്കുന്നതും, മെസ്സേജുകള്‍ നോക്കുന്നതും , അന്നേരം തന്നെ റിപ്ലൈ തരുന്നതും എല്ലാം. എനിക്ക് ഒരു കാര്യം മനസിലായി. മറ്റുള്ളവര്‍ അയച്ചു കൊടുക്കുന്ന മെസ്സേജുകള്‍ വായിച്ചും, കേട്ടും അതില്‍ സന്തോഷം കൊണ്ട് ആറാടുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് ഞാന്‍ ഒരു കാര്യം തീരുമാനിച്ചു, ഇനി ഒരു പ്രോത്സാഹന മെസ്സേജുകളും അയക്കില്ല എന്ന്, കാരണം ഇനി അയച്ചാല്‍ ശമ്പളം ഇരട്ടി ആകാനുള്ള എല്ലാ സാധ്യതകളും ഞാന്‍ മുന്‍കൂട്ടി കാണുന്നു !

ആടുജീവിതം സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.

'നാം അനുഭവിക്കാത്ത ജീവിതം എല്ലാം നമുക്ക് വെറും കെട്ടു കഥകള്‍ മാത്രം ആണ്'






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :