നിഹാരിക കെ എസ്|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2024 (11:32 IST)
പൃഥ്വിരാജ്, അമ്പിളി ദേവി കേന്ദ്രകഥാപാത്രമായ മീരയുടെ ദുഃഖം, മുത്തിവിന്റെ സ്വപ്നം എന്ന സിനിമാ ഷൂട്ടിങ് കാണാനെത്തിയതാണ് തന്റെ കരിയറിലെ വഴിത്തിരിവ് എന്ന് നടി ഹണി റോസ്. ഈ വിനയന് ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ എത്തിയപ്പോഴാണ് അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് വരുന്നത്. അങ്ങനെയാണ് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുന്നത് എന്നാണ് ഹണി റോസ് പറയുന്നത്. താര സംഘടനയായ അമ്മയുടെ യുട്യൂബ് ചാനലില്‍ നടന് ബാബുരാജിന് നല്കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.
;വിനയന് സാറിന്റെ മീരയുടെ ദുഃഖം മുത്തുവിന്റെ സ്വപ്നം എന്ന സിനിമയുടെ ഷൂട്ട് തൊടുപുഴ മൂലമറ്റം ഏരിയയില്‍ നടക്കുന്ന സമയത്ത് ഞങ്ങളൊക്കെ ഷൂട്ടിങ് കാണാന്‍ പോയി. ഞങ്ങളുടെ ഒരു കമ്പനി ബിസിനസ് ഉണ്ട്. അവിടെ വര്‍ക്ക് ചെയ്യുന്ന സ്റ്റാഫ് ചേച്ചിമാരുടെ വീട്ടിലാണ് ഷൂട്ട് നടന്നുകൊണ്ടിരുന്നത്. അപ്പോള്‍ ആ സിനിമയുടെ ഏതോ കണ്ട്രോളറോ മറ്റോ ഒരു ചേട്ടന് എന്നോട് ചോദിച്ചു, കാണാന്‍ കുഴപ്പമൊന്നും ഇല്ലല്ലോ സിനിമയിലൊക്കെ അഭിനയിക്കാന്‍ താല്പര്യം ഉണ്ടോ മോള്‍ക്ക് എന്ന്. ഇതൊരു നാട്ടിന്‍പുറം അല്ലേ, അവിടെ കൂടി നില്ക്കുന്ന ആളുകളെല്ലാം ഇതു കേട്ടു പിന്നെ ന്യൂസ് അങ്ങ് പടര്‍ന്നു.
അങ്ങനെ ഒക്കെ ആയപ്പോള്‍ എനിക്കും ഒരു ആഗ്രഹം, ഒന്ന് അഭിനയിച്ചു നോക്കിയാലോ. ഞങ്ങള്‍ അതിനു ശേഷം വിനയന് സാറിനെ പോയി കണ്ടു. അപ്പോള്‍ സര് പറഞ്ഞു ഒരു പ്ലസ് ടു ഒക്കെ ആവട്ടെ ഇപ്പൊ കൊച്ചല്ലേ. അന്ന് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു. പിന്നെ ഈ ന്യൂസ് ഒക്കെ തേഞ്ഞുമാഞ്ഞു പോയി. ആളുകള്‍ക്ക് വിശ്വാസമൊന്നുമില്ലായിരുന്നു, സത്യത്തില്‍ എനിക്ക് പോലും ഇല്ലായിരുന്നു. പക്ഷേ അതൊരു നിമിത്തമായി. അതിന് ശേഷം പത്താം ക്ലാസ് കഴിഞ്ഞു നില്‍ക്കുമ്പോഴാണ് ബോയ്ഫ്രണ്ടില്‍ അഭിനയിക്കുന്നത്. മണിക്കുട്ടന് ആയിരുന്നു അതില്‍ നായകന്.
ആദ്യത്തെ സിനിമയില്‍ അഭിനയിച്ചപ്പോ ഭയങ്കര എക്സ്സൈറ്റ്മെന്റ് ആയിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ വച്ചായിരുന്നു ഷൂട്ടിങ്. അതിന്റെ കോറിഡോറില്‍ കൂടി ഇങ്ങനെ ഓടി വരുന്നതും ഞാന്‍ ആരെയൊക്കെയോ തട്ടി നിലത്തുരുണ്ട് വീഴുമ്പോള്‍ എല്ലാവരും ചിരിക്കുന്നതും ഒക്കെ ഇപ്പോഴും ഓര്‍മയുണ്ട്. ആദ്യത്തെ ഡയലോഗ് വലിയ കുഴപ്പമില്ലാതെ ശരിയായി. പക്ഷേ കരഞ്ഞുകൊണ്ട് ഭയങ്കര ഇമോഷനല്‍ ആയി പറയുന്ന ഒരു ഡയലോഗ് ഉണ്ടായിരുന്നു. അത് പറയാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. വിനയന് സര് നമ്മളെ മാത്രം ഫോക്കസ് ചെയ്യുന്ന ക്ലോസ് ഷോട്ട് ഒക്കെ വയ്ക്കുന്ന സമയത്തൊന്നും വഴക്കൊന്നും പറയില്ല.
പക്ഷേ ഒരു വലിയ ഗ്രൂപ്പ് ഒക്കെ ആയി, എല്ലാ ഓഡിയന്‍സും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പിള്ളേരും ഒക്കെ ഉള്ള ഒരു വൈഡ് ഷോട്ട് എടുക്കുന്ന സമയത്ത് സര് ഇങ്ങനെ അവിടുന്ന് ദൂരെ നിന്ന് കുറെ ആളുകളെ ചീത്ത വിളിച്ച്, ചീത്ത വിളിച്ച് വന്നപ്പോള്‍ പറഞ്ഞു ”ഇങ്ങനെ പഴം വിഴുങ്ങിയ പോലെ നിന്നാല്‍ മതിയോ?”. പിന്നെ വഴക്കൊന്നും പറഞ്ഞിട്ടില്ല. പ്രസന്ന മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഡാന്‍സ് മാസ്റ്റര്‍. മണിക്കുട്ടന് ആണെങ്കില്‍ എല്ലാം തികഞ്ഞിട്ടുള്ള ഒരു ഹീറോ ആയിരുന്നു', ഹണി റോസ് ഓർത്തെടുക്കുന്നു.