രേണുക വേണു|
Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (20:56 IST)
'പ്രേമം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് മലയാളത്തിനു പുറത്തും അനുപമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അനുപമയ്ക്കുണ്ടായ ഒരു ദുരനുഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അടുത്തിടെ ഒരു ഷോപ്പിങ് മാള്‍ ഉദ്ഘാടനത്തിനു പോയപ്പോള്‍ അനുപമയുടെ കാറിന്റെ വീല്‍ ആരോ ഊരിമാറ്റിയത്രേ ! തിങ്കളാഴ്ച തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലെ കൊഡാഡയില്‍ പിപിആര്‍ ഷോപ്പിങ് മാളിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി താരം പങ്കെടുത്തിരുന്നു. താരത്തെ കാണാന്‍ നിരവധി ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചുപോകാന്‍ താരം ഒരുങ്ങിയപ്പോള്‍ കുറച്ച് നേരം കൂടി നില്‍ക്കാന്‍ ആരാധകര്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ സമയം വളരെ വൈകിയതിനാല്‍ അനുപമ പോകാന്‍ തീരുമാനിച്ചു. ഇതിനിടയില്‍, കുറച്ചുനേരം അവിടെ നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ചില അക്രമികള്‍ അനുപമയുടെ കാറിന്റെ ടയറുകള്‍ ഊരിമാറ്റുകയായിരുന്നു. വേഗം ഹൈദരബാദിലേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു താരത്തിന്. എന്നാല്‍, ആരാധകര്‍ വീല്‍ ഊരി മാറ്റിയതോടെ അനുപമ പെരുവഴിയിലായി.
പിന്നീട് ഷോപ്പിങ് മാളിന്റെ മാനേജര്‍മാര്‍ അനുപമയ്ക്ക് മറ്റൊരു കാര്‍ ഏര്‍പ്പാട് ചെയ്ത് ഹൈദരാബാദിലേക്ക് അയച്ചു.