ഞാന്‍ താടി കറുപ്പിക്കാന്‍ തുടങ്ങി, ഇങ്ങനെ പോയാല്‍ വാപ്പച്ചിയുടെ വാപ്പയായി അഭിനയിക്കേണ്ടി വരും; മമ്മൂട്ടിക്കൊപ്പമുള്ള സിനിമയെ കുറിച്ച് ദുല്‍ഖര്‍

വാപ്പച്ചിയുടെ ഒപ്പം അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്

രേണുക വേണു| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (08:25 IST)

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തെ കുറിച്ച് മനസ്സുതുറന്ന് ദുല്‍ഖര്‍ സല്‍മാന്‍. തങ്ങള്‍ ഒരുമിച്ചുള്ള സിനിമ വിദൂരമല്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വാപ്പച്ചിയുടേത് ആകുമെന്നും ദുല്‍ഖര്‍ പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വാപ്പച്ചിയും ഞാനും ഒരുമിച്ചൊരു സിനിമ അത്ര വിദൂരമായ സ്വപ്നമൊന്നുമല്ല. അത് നടക്കും. ഞാനിവിടെ താടി കറുപ്പിക്കാന്‍ മസ്‌കാരയൊക്കെ ഇടാന്‍ തുടങ്ങി. താടിയില്‍ ഇടക്കിടക്ക് പിടിക്കുന്നതുകൊണ്ട് മസ്‌കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും. ഞാന്‍ അങ്ങനെ ഒരു വയസനായി കൊണ്ടിരിക്കുകയാണ്. പക്ഷെ എന്റെ വാപ്പച്ചിയുടെ കാര്യം അങ്ങനെയല്ല. ആള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഈ പോക്ക് പോകുകയാണെങ്കില്‍ കുറച്ച് നാള്‍ കഴിഞ്ഞാല്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും, അതും വേറെ മേക്കപ്പ് ഒന്നും കൂടാതെ തന്നെ,' ദുല്‍ഖര്‍ പറഞ്ഞു.

വാപ്പച്ചിയുടെ ഒപ്പം അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്. പക്ഷേ അത് സാധ്യമാകാന്‍ അദ്ദേഹം കൂടി വിചാരിക്കണം. അന്തിമ തീരുമാനം വാപ്പച്ചിയുടേതാകുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :