ഇത് ഡിനോയ് പൗലോസിന്റെ മറ്റൊരു മുഖം; വിശുദ്ധ മെജോയിലൂടെ ഞെട്ടിക്കാന്‍ യുവനടന്‍

രേണുക വേണു| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (22:41 IST)

മെജോ വളരെ ഉള്‍വലിഞ്ഞ സ്വഭാവക്കാരനാണ്. എന്ത് കാര്യം ചെയ്യാനും പറയാനും ഒരു നൂറുവട്ടമെങ്കിലും ആലോചിക്കും. വളരെ ലളിതമായ കാര്യമാണെങ്കിലും മെജോ അത് ആലോചിച്ച് ആലോചിച്ച് വലിയൊരു പ്രശ്‌നമാക്കിയെന്നു വരും. തന്റെ ബാല്യകാല സുഹൃത്തായ ജീനയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന മെജോ എന്ന യുവാവിന്റെ രസകരമായ കഥയാണ് വിശുദ്ധ മെജോ എന്ന ചിത്രം പറയുന്നത്. എന്നാല്‍ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള സ്വഭാവക്കാരാണ് രണ്ട് പേരും. ഇവര്‍ക്കിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങളും ഉദ്വേഗം നിറഞ്ഞ കാഴ്ചകളുമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. എല്ലാറ്റില്‍ നിന്നും ഉള്‍വലിഞ്ഞു നില്‍ക്കുന്ന മെജോ എന്ന ചെറുപ്പക്കാരന്‍ എങ്ങനെയാണ് വിശുദ്ധ മെജോ ആകുന്നത്? അതറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ടാകും.

സിനിമ കരിയറിലെ വ്യത്യസ്തമായ വേഷം ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് യുവനടന്‍ ഡിനോയ് പൗലോസ്. വിശുദ്ധ മെജോയിലെ കേന്ദ്ര കഥാപാത്രമായ മെജോയെ അവതരിപ്പിക്കുന്നത് ഡിനോയ് ആണ്. തണണീര്‍മത്തന്‍ ദിനങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഡിനോയ്. പത്രോസിന്റെ പടപ്പുകള്‍ എന്ന ചിത്രത്തിലും ഡിനോയ് അഭിനയിച്ചിട്ടുണ്ട്. വിശുദ്ധ മെജോയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും ഡിനോയ് തന്നെയാണ്.

ഡിനോയ് പൗലോസ്, മാത്യു തോമസ്, ലിജോമോള്‍ ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന വിശുദ്ധ മെജോ നാളെയാണ് തിയറ്ററുകളിലെത്തുക. വളരെ രസകരമായ പ്ലോട്ടില്‍ കഥ പറയുന്ന ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും വിശുദ്ധ മെജോ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :