ടോവിനോ 27 ലക്ഷം ചെലവാക്കിയോ ? നടനോട് ചോദ്യങ്ങളുമായി 'വഴക്ക്'സിനിമയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

Vazhakku
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 മെയ് 2024 (09:08 IST)
Vazhakku
സനല്‍കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ 'വഴക്ക്' സിനിമയുടെ ലിങ്ക് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് സിനിമയുടെ വിമിയോ ലിങ്ക് കോപ്പിറൈറ്റ് ലംഘനത്തെ തുടര്‍ന്ന് നീക്കം ചെയ്യുകയും ചെയ്തു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഗിരീഷ് നായരുടെ പരാതിയെ തുടര്‍ന്നാണ് ലിങ്ക് നീക്കം ചെയ്തത്.സിനിമ ജനങ്ങളില്‍ എത്തുന്നത് തടസപ്പെടുത്തുന്നു എന്ന തന്റെ ആരോപണത്തിന് ഒരു തെളിവുകൂടിയാണ് ഇതെന്ന് സനല്‍കുമാര്‍ പറഞ്ഞു.'മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായ സിനിമ ഇതുവരെയും പുറത്തുവരാത്തതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ പോസ്റ്റിട്ടപ്പോള്‍ അസത്യങ്ങള്‍ നിറഞ്ഞ മറുപടിയുമായി ടോവിനോയും ഒപ്പം ഗിരീഷ് നായരും രംഗത്തുവന്നു. സിനിമ ആരും വിതരണം ചെയ്യാന്‍ തയ്യാറല്ല എന്നതാണ് കാരണമായി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അത് പെട്ടിയില്‍ പൂട്ടി വെയ്ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അതുകൊണ്ടാണ് ഞാനത് പുറത്തുവിട്ടതെന്ന് പുതിയ ഫേസ്ബുക്ക് പോസ്റ്റ് സനല്‍ പറയുന്നു.

സനല്‍കുമാറിന്റെ വാക്കുകള്‍:

വഴക്കിന്റെ വിമിയോ ലിങ്ക് കോപ്പിറൈറ്റ് ലംഘനം എന്ന പരാതിയേത്തുടര്‍ന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നു. പാരറ്റ്മൗണ്ട് പിക്‌ച്ചേഴ്‌സിനു വേണ്ടി ഗിരീഷ് നായര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സിനിമ ജനങ്ങളില്‍ എത്തുന്നത് തടസപ്പെടുത്തുന്നു എന്ന എന്റെ ആരോപണത്തിന് ഒരു തെളിവുകൂടിയാണിത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായ സിനിമ ഇതുവരെയും പുറത്തുവരാത്തതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ പോസ്റ്റിട്ടപ്പോള്‍ അസത്യങ്ങള്‍ നിറഞ്ഞ മറുപടിയുമായി ടോവിനോയും ഒപ്പം ഗിരീഷ് നായരും രംഗത്തുവന്നു. സിനിമ ആരും വിതരണം ചെയ്യാന്‍ തയ്യാറല്ല എന്നതാണ് കാരണമായി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അത് പെട്ടിയില്‍ പൂട്ടി വെയ്ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അതുകൊണ്ടാണ് ഞാനത് പുറത്തുവിട്ടത്.


ജനങ്ങള്‍ സിനിമ കാണുന്നതില്‍ ആരും തടസം നില്‍ക്കുന്നില്ല എങ്കില്‍ അത് റിമൂവ് ചെയ്യാന്‍ വേണ്ടി ശ്രമിക്കേണ്ട കാര്യമില്ലല്ലോ. ഈ പ്രവര്‍ത്തിയില്‍ നിന്നുതന്നെ സിനിമ ജനം കാണരുത് എന്ന ആഗ്രഹം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസിലാക്കാം.അങ്ങനെയൊരു അജണ്ട നിലനില്‍ക്കുന്നില്ലെങ്കില്‍ സിനിമ എങ്ങനെയെങ്കിലും പബ്ലിക് ഡോമൈനില്‍ വരട്ടെ എന്നല്ലേ കരുതേണ്ടത്. സിനിമ ഏതെങ്കിലും യുട്യൂബ് ചാനലില്‍ എങ്കിലും പ്രദര്‍ശിപ്പിക്കാന്‍ ടോവിനോ വിചാരിച്ചാല്‍ കഴിയില്ല എന്നാണോ?

എന്തായാലും കുറച്ചു കാര്യങ്ങള്‍ കൂടി വ്യക്തമാക്കിക്കൊണ്ട് ഇക്കാര്യത്തിലെ എന്റെ എഴുത്തുകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണ്.

1. ഞാന്‍ സിനിമ ഇന്റര്‍നെറ്റില്‍ പബ്ലിഷ് ചെയ്തതുകൊണ്ട് പ്രൊഡ്യൂസര്‍ക്ക് നഷ്ടമുണ്ടായി എന്ന് ചില കൂലി എഴുത്തുകള്‍ വായിച്ചു. ഇത്രയും കാലം ഈ സിനിമയുടെ പകര്‍പ്പ് എവിടെയാണ് ഉള്ളതെന്നുപോലും അന്വേഷിക്കാത്ത പ്രൊഡ്യൂസര്‍ക്ക് എങ്ങനെയാണോ എന്തോ നഷ്ടം വരുന്നത്. ഇപ്പോഴും ഈ സിനിമയുടെ പകര്‍പ്പുകള്‍ എവിടെയെന്നു ടോവിനോയ്‌ക്കോ ഗിരീഷ് നായര്‍ക്കോ അറിയില്ല. അന്വേഷിച്ചിട്ടുമില്ല. അന്വേഷിക്കുകയും ഇല്ല. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകരുതെന്ന് മാത്രമേ അവര്‍ക്കൊക്കെ ആഗ്രഹമുള്ളൂ.

2. ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം ചെലവാക്കിയത് ഞാനാണ്. ടോവിനോ 27 ലക്ഷം രൂപ ചെലവാക്കിയതേക്കുറിച്ചും പ്രതിഫലം കിട്ടിയില്ല എന്നതേക്കുറിച്ചും പറഞ്ഞുകെട്ടു. ടോവിനോ 17-20 ദിവസങ്ങള്‍ ആണ് ഈ സിനിമയ്ക്ക് ചെലവഴിച്ചത്. എന്നാല്‍ ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍, സംവിധാനം ഇവ നിര്‍വഹിക്കുകയും ഇപ്പോഴും അതിന്റെ ഫയലുകളുടെ കാവല്‍കാരനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന (നാലു വര്‍ഷങ്ങള്‍) എനിക്ക് എത്രയാണ് ടോവിനോ പ്രതിഫലം നല്‍കിയത്?

3. ഈ സിനിമയില്‍ ടോവിനോ മാത്രമല്ല അഭിനയിച്ചിട്ടുള്ളത്. സുദേവ് നായര്‍ ഈ സിനിമയില്‍ അഭിനയിച്ചത് വെറും രണ്ടു ലക്ഷം രൂപ പ്രതിഫലത്തിനാണ്. അസീസ് നെടുമങ്ങാട് ഇതില്‍ അഭിനയിക്കുന്നത് അമ്പതിനായിരം രൂപ പ്രതിഫലത്തിനാണ്. കനി പ്രതിഫലം എത്രയെന്നു പോലും ചോദിച്ചിട്ടില്ല. അവരവരുടെ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച എല്ലാ ടെക്‌നീഷ്യന്‍ മാരെയും ഞാനാണ് സമീപിച്ചതും വളരെ ചുരുങ്ങിയ പ്രതിഫലം മാത്രമേ നല്‍കാനുണ്ടാവൂ എന്ന് അറിയിച്ചതും. അവര്‍ ആരും ഇതില്‍ സഹകരിച്ചത് ടോവിനോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമ ആയതുകൊണ്ടല്ല, എന്റെ സിനിമയില്‍ സഹകരിക്കാന്‍ സന്നദ്ധത ഉള്ളതുകൊണ്ടാണ്. അവര്‍ക്ക് പ്രതിഫലം അല്ലായിരുന്നു പ്രധാനം. പക്ഷെ സിനിമ പുറത്തുവരണം എന്ന് അവര്‍ക്കെല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. (ഈ രീതിയില്‍ അല്ല എങ്കിലും). സിനിമ ഞാന്‍ പുറത്തിറക്കിയത് അവര്‍ക്കും കൂടി വേണ്ടിയാണ്. അതിന്റെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ തന്നെ ഏറ്റെടുക്കുന്നു.

4. സിനിമ ഞാന്‍ പബ്ലിഷ് ചെയ്തപ്പോള്‍ പ്രൊഡ്യൂസര്‍ക്ക് വേണ്ടി കരയുന്ന, ഒന്നര മണിക്കൂര്‍ സിനിമ അഞ്ചുമിനിട്ടുകൊണ്ട് കണ്ടുതീര്‍ത്തു എന്ന് ആക്രോശിക്കുന്ന കൂലിയെഴുത്തുകാര്‍ അറിയാന്‍: എന്റെ സിനിമയ്ക്ക് വളരെ കുറച്ച് പ്രേക്ഷകരാണ് ഉള്ളത് അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് വളരെ തുച്ഛമായ തുകയ്ക്ക് ഞാന്‍ സിനിമയെടുക്കുന്നത്. എന്റെ സിനിമയുടെ പ്രേക്ഷകര്‍ നിങ്ങളല്ല. അവരിലേക്ക് സിനിമ എത്തരുത് എന്നതുകൊണ്ടാണ് ഇപ്പോള്‍ കൂലിതന്ന് നിങ്ങളെക്കൊണ്ട് പുലഭ്യം പറയിച്ചിട്ട് സിനിമ നീക്കം ചെയ്യിച്ചത്.

5. ഞാന്‍, എന്റെ സിനിമയുടെ കാര്യത്തില്‍ നേരിട്ട അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ചില സത്യങ്ങള്‍ പറഞ്ഞപ്പോള്‍ എന്നെ പുലഭ്യം പറഞ്ഞും ടോവിനോയെ സപ്പോര്‍ട്ടു ചെയ്തും മുന്നോട്ടുവന്ന ഇതുമായി ഒരു ബന്ധവുമില്ലാത്ത വിശ്വചലചിത്രകാരന്‍മാരുടെ കുറിപ്പുകളും വായിച്ചു. ടോവിനോ എന്നെ സംബന്ധിച്ച് 'വീണ്ടും വീണ്ടും ഏതു രീതിയിലും' പാകം ചെയ്തു വിഴുങ്ങാനുള്ള മെറ്റീരിയല്‍ അല്ലാത്തതുകൊണ്ട് എനിക്ക് സിനിമയ്ക്ക് വേണ്ടി സത്യം വിളിച്ചുപറയേണ്ടി വരുന്നു. സിനിമയ്ക്ക് വേണ്ടി(എന്റെ സിനിമയ്ക്ക് വേണ്ടി അല്ല എങ്കില്‍ പോലും) ഞാനത് ചെയ്തിട്ടുണ്ട്. അതിന്റെ പേരിലുള്ള ശത്രുതകള്‍ എനിക്ക് പ്രശ്‌നമല്ല.

6. പറയണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചിട്ട് പറയാതിരുന്ന ഒരു കാര്യം കൂടി പറയാം. സിനിമയുടെ പ്രിവ്യൂ കണ്ടുകഴിഞ്ഞ് ഒരു ദിവസം ടോവിനോ എന്നെ വിളിച്ചു. സിനിമയിലെ തന്റെ അഭിനയത്തെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചു. നല്ലതാണ് എന്ന് ഞാന്‍ പറഞ്ഞു. പോരായ്മകള്‍ ഉണ്ടെങ്കില്‍ മനസിലാക്കാന്‍ ആണ് താന്‍ ചോദിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് വീണ്ടും കുത്തിക്കുത്തി ചോദിച്ചു. അപ്പോഴും നല്ലത് തന്നെയാണ് എന്ന് ഞാന്‍ പറഞ്ഞു. (നല്ലതാണുതാനും). സുദേവ് നായരുടെ അഭിനയവുമായി താരതമ്യം ചെയ്തുകൊണ്ട് അയാള്‍ എന്നോട് ചില ചോദ്യങ്ങള്‍ സ്‌പെസിഫിക് ആയി ചോദിച്ചപ്പോള്‍, തന്റെ അഭിനയം മെച്ചപ്പെടുത്താനുള്ള സത്യസന്ധത കൊണ്ടാവും അയാള്‍ അത് ചോദിക്കുന്നത് എന്ന് ഞാന്‍ കരുതി. അയാള്‍ക്ക് അപ്രിയമായേക്കാവുന്ന എന്റെ ചില അഭിപ്രായങ്ങള്‍ ഞാന്‍ പറഞ്ഞു. അതിനു ശേഷം സിനിമയുടെ യാത്ര മുന്നോട്ടായിരുന്നില്ല. സുദേവ് നായരുടെ പ്രകടനം തന്റെതിനെക്കാള്‍

മികച്ചു നില്‍ക്കുന്നു എന്ന ടോവിനോയുടെ തോന്നല്‍ സിനിമയുടെ ഭാവിയെ ബാധിച്ചിട്ടുണ്ടോ എന്നെനിക് സംശയമുണ്ടായി.ഇപ്പോള്‍ ഇത്രയൊക്കെ സംഭവങ്ങള്‍ ഉണ്ടായിട്ടും ജനങ്ങള്‍ സിനിമ കാണുന്നതില്‍ നിന്ന് തടസം സൃഷ്ടിക്കുന്നത് കാണുമ്പോള്‍ എനിക്ക് ആ സംഭാഷണം ഓര്‍മ്മവരുന്നു. ടോവിനോയ്ക്ക് വ്യക്തിപരമായി തന്റെ കലാസപര്യയില്‍ ഗുണകരമാവുമെങ്കില്‍ ആവട്ടെ എന്ന ചിന്തകൊണ്ടും അയാളെ വീണ്ടും വീണ്ടും പാകം ചെയ്തു വിഴുങ്ങാമെന്ന മോഹം എനിക്കില്ലാത്തതുകൊണ്ടുമാണ് ഞാന്‍ എന്റെ ചിന്തകള്‍ സത്യസന്ധമായി പങ്കുവെച്ചത്.

സിനിമ എന്തായാലും ഇപ്പോള്‍ പബ്ലിക് ഡോമെയിനില്‍ എത്തി. ഇനി അത് അതിന്റെ പ്രേക്ഷകരെ കണ്ടെത്തും. സമയമെടുക്കുമായിരിക്കും. സാരമില്ല. കൂലിക്കെഴുത്തുകാരുടെയും സാംസ്‌കാരിക ബോക്‌സര്‍മാരുടെയും സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് സിനിമ എന്തിനു പിന്‍വലിച്ചു എന്ന ചോദ്യത്തിന് തല്ക്കാലം ടോവിനോ ഉത്തരം പറയേണ്ടിവരില്ല. സാരമില്ല. സത്യങ്ങള്‍ കാലം തെളിയിക്കട്ടെ. സിനിമയോടും സഹപ്രവര്‍ത്തകരായ കലാകാരന്മാരോടും അല്പമെങ്കിലും സത്യസന്ധത ഉണ്ടെങ്കില്‍ അയാളത് പുറത്തിറങ്ങാന്‍ അനുവദിക്കട്ടെ.

ഇക്കാര്യത്തില്‍ തല്‍ക്കാലം ഇത്രമാത്രം. ഇതില്‍ കമെന്റ്റുകള്‍ അനുവദിക്കുന്നില്ല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :