മോഹന്‍ലാലിന്റെ നായിക, ആത്മഹത്യക്ക് ശ്രമിച്ചത് രണ്ട് തവണ; സിനിമ പോലെ നാടകീയം വിജയലക്ഷ്മിയുടെ ജീവിതം

രേണുക വേണു| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (10:22 IST)

തെന്നിന്ത്യന്‍ സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് വിജയലക്ഷ്മി. മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലും വിജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് വിജയലക്ഷ്മി അഭിനയിച്ചത്. സ്നേഹ എന്ന കഥാപാത്രത്തെ വിജയലക്ഷ്മി മികച്ചതാക്കി.

സിനിമ കഥ പോലെ നാടകീയമായിരുന്നു വിജയലക്ഷ്മിയുടെ ജീവിതം. ചെന്നൈയിലാണ് വിജയലക്ഷ്മിയുടെ ജനനം. കന്നഡ ചിത്രമായ നാഗമണ്ഡലയിലൂടെ താരം അഭിനയരംഗത്തേക്ക് വന്നു. ആദ്യ ചിത്രത്തിലെ അഭിനയത്തിനു ഫിലിംഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കി.

കരിയറില്‍ 40 സിനിമകളില്‍ വിജയലക്ഷ്മി അഭിനയിച്ചു. കൂടുതലും കന്നഡ സിനിമകളാണ് താരം ചെയ്തത്. സിദ്ധിഖ് ചിത്രം ഫ്രണ്ട്സ് തമിഴില്‍ ചെയ്തപ്പോള്‍ വിജയ്-സൂര്യ എന്നിവര്‍ക്കൊപ്പം ശ്രദ്ധേയമായ വേഷം വിജയലക്ഷ്മി അവതരിപ്പിച്ചു. സിനിമയ്ക്ക് പുറമേ സീരിയലുകളിലും താരം അഭിനയിച്ചു.

രണ്ട് തവണ വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. 2006 ല്‍ ഉറക്കഗുളിക കഴിച്ച് ബോധരഹിതയായി വിജയലക്ഷ്മിയെ കാണപ്പെട്ടു. പിതാവിന്റെ മരണശേഷം വിജയലക്ഷ്മി മാനസികമായി തകര്‍ന്നിരുന്നു. ഒപ്പം ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് വിജയലക്ഷ്മിയെ മാനസികമായി പീഡിപ്പിക്കാനും തുടങ്ങി. ഇതെല്ലാം താരത്തെ മാനസികമായി തളര്‍ത്തി. ഇക്കാരണത്താലാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

2006 ല്‍ നടന്‍ സ്രുജന്‍ ലോകേഷുമായി താന്‍ അടുപ്പത്തിലാണെന്ന് താരം പ്രഖ്യാപിച്ചു. എന്നാല്‍ ഈ ബന്ധം അധികം നീണ്ടു നിന്നില്ല. മൂന്ന് വര്‍ഷത്തെ ബന്ധം പിന്നീട് തകര്‍ന്നു. 2020 ലും താരം ആത്മഹത്യാ ശ്രമം നടത്തി. നടന്‍ സുമന്‍ തന്നെ വിവാഹവാഗ്ദാനം നല്‍കി ചതിച്ചു എന്ന് ആരോപിച്ചാണ് വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചത്. രക്തസമ്മര്‍ദത്തിനുള്ള മരുന്ന് അമിതമായി കഴിച്ചാണ് ആത്മഹത്യക്കായി ശ്രമിച്ചത്. പിന്നീട് സുമനെതിരെ താരം കോടതിയെ സമീപിച്ചെങ്കിലും കേസില്‍ പരാജയപ്പെട്ടു.

തന്റെ ജീവിതം വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ആരെങ്കിലും തന്നെ സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് വിജയലക്ഷ്മി വീഡിയോ ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :