മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ചുള്ള മോശം അഭിപ്രായം ഷെയര്‍ ചെയ്ത് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍; കൈ തട്ടി ഷെയര്‍ ആയതെന്ന് വിശദീകരണം

മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗം നിര്‍മിക്കാന്‍ താന്‍ ഇല്ലെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്

Deeno Dennis
രേണുക വേണു| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (13:13 IST)
Deeno Dennis

മമ്മൂട്ടി ചിത്രം 'ബസൂക്ക'യുടെ സംവിധായകന്‍ ഡീനോ ഡെന്നീസ് വിവാദത്തില്‍. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'മലൈക്കോട്ടൈ വാലിബന്‍' എന്ന സിനിമയെ കുറിച്ചുള്ള മോശം ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് ഡീനോ പുലിവാല് പിടിച്ചത്. സ്വന്തം ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ആണ് ജി.കെ.കൃഷ്ണമൂര്‍ത്തി എന്നയാളുടെ പോസ്റ്റ് ഡീനോ ഷെയര്‍ ചെയ്തിരിക്കുന്നത്.

മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗം നിര്‍മിക്കാന്‍ താന്‍ ഇല്ലെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. മോഹന്‍ലാലിനെയും ലിജോ ജോസ് പെല്ലിശ്ശേരിയേയും പരിഹസിക്കുന്ന മോശം വാക്കുകളും ജി.കെ.കൃഷ്ണമൂര്‍ത്തി എന്നയാളുടെ പോസ്റ്റില്‍ ഉണ്ട്. ഈ പോസ്റ്റ് സ്വന്തം പ്രൊഫൈലില്‍ ഡീനോ ഷെയര്‍ ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഡെലീറ്റ് ചെയ്തിട്ടുമുണ്ട്.
വിവാദ പോസ്റ്റ് താന്‍ തെറ്റി ഷെയര്‍ ചെയ്തതാണെന്ന വിശദീകരണവുമായി ഡീനോ രംഗത്തെത്തി. ഷെയര്‍ ബട്ടണ്‍ അറിയാതെ അമര്‍ത്തി പോയി എന്നാണ് ഡീനോ തൊട്ടടുത്ത പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ക്ഷമാപണവും സംവിധായകന്‍ നടത്തിയിട്ടുണ്ട്. എങ്കിലും മുന്‍പ് ഷെയര്‍ ചെയ്ത പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :