'ഈ സിനിമ ചെയ്താല്‍ നിനക്ക് കുട്ടികളുണ്ടാവില്ല' കലാഭവന്‍ മണിയുടെ വാക്കുകള്‍ കേട്ട് ദിലീപ് പേടിച്ചു; പിന്നീട് ആ സിനിമയില്‍ അഭിനയിച്ചത് മീനാക്ഷി ജനിച്ച ശേഷം !

ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന സിനിമയാണത്. സ്ത്രീയുടെ മാനറിസങ്ങള്‍ ഉള്ള നായകനായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്

രേണുക വേണു| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (11:49 IST)

ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു കലാഭവന്‍ മണി. മലയാള സിനിമയില്‍ വില്ലനായും സഹനടനായും നായകനായും തകര്‍ത്തഭിനയിച്ച കലാഭവന്‍ മണിയുടെ മരണം ദിലീപിനെ ഏറെ തളര്‍ത്തിയിരുന്നു. ഒരിക്കല്‍ കലാഭവന്‍ മണിയുടെ രസകരമായ കമന്റ് കേട്ട് താന്‍ ഒരു സിനിമ ചെയ്യാന്‍ ഏറെ വൈകിയതിനെ കുറിച്ച് ദിലീപ് വെളിപ്പെടുത്തിയിട്ടുണ്ട്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന സിനിമയാണത്. സ്ത്രീയുടെ മാനറിസങ്ങള്‍ ഉള്ള നായകനായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. അക്കാലത്ത് ഇത്തരം കഥാപാത്രങ്ങളെ പ്രേക്ഷകര്‍ കണ്ടിരുന്നത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട രീതിയിലാണ്. 2005 ലാണ് ചാന്തുപൊട്ട് റിലീസ് ചെയ്യുന്നത്. എന്നാല്‍, അതിനേക്കാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചാന്തുപൊട്ടിന്റെ കഥയെ കുറിച്ച് തനിക്ക് അറിയാമായിരുന്നു എന്ന് ദിലീപ് വെളിപ്പെടുത്തുന്നു. പഴയൊരു അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം തുറന്നുപറഞ്ഞത്.

'നാദിര്‍ഷയാണ് എന്നോട് വന്ന് ബെന്നി പി.നായരമ്പലത്തിന്റെ ഒരു നാടകമുണ്ട്, നീ അത് കാണണം, നിനക്ക് അത് ചെയ്യാന്‍ പറ്റും എന്നെല്ലാം പറഞ്ഞത്. ഞാന്‍ ഇക്കാര്യം ലാല്‍ ജോസിനോട് പറഞ്ഞു. ഞാനും ലാലുവും ചേര്‍ന്ന് അത് സിനിമയാക്കാമെന്നും തീരുമാനിച്ചു. പക്ഷേ, അത് കഴിഞ്ഞ് എട്ട് വര്‍ഷത്തിനു ശേഷമാണ് ഞാന്‍ ആ സിനിമ ചെയ്യുന്നത്. അതിന്റെ കാരണം എന്താണെന്ന് വച്ചാല്‍, ഒരിക്കല്‍ കലാഭവന്‍ മണിയോട് ഞാന്‍ ഈ കഥയെ കുറിച്ച് പറഞ്ഞു. സ്ത്രീത്വമുള്ള കഥാപാത്രത്തെയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്നും മണിയോട് പറഞ്ഞു. അപ്പോ മണി എന്നോട് പറഞ്ഞു 'അതൊന്നും വേണ്ടാട്ടാ...അതൊക്കെ ചെയ്ത് കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാകില്ലാട്ടോ' എന്ന്. അത് എനിക്ക് വലിയ അടിയായി പോയി. ഞാന്‍ പിന്നെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ആ സ്‌ക്രിപ്റ്റ് മാറ്റിവച്ചു. പിന്നീട് മീനാക്ഷി (മകള്‍) ജനിച്ച ശേഷമാണ് ഞാന്‍ ആ സിനിമ ചെയ്യുന്നത്,' ദിലീപ് ചിരിച്ചുകൊണ്ട് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :