Mammootty Kampany: നെഗറ്റീവ് റിവ്യൂസിനോട് ഇത്രയും അസഹിഷ്ണുതയോ? അശ്വന്ത് കോക്കിന്റെ ടര്‍ബോ റിവ്യു മമ്മൂട്ടിക്കമ്പനി നീക്കം ചെയ്തു

മമ്മൂട്ടിക്കമ്പനിയാണ് ടര്‍ബോ നിര്‍മിച്ചിരിക്കുന്നത്. ശരാശരിയേക്കാള്‍ താഴ്ന്ന നിലവാരം പുലര്‍ത്തുന്ന ചിത്രമെന്നാണ് ടര്‍ബോയ്ക്ക് അശ്വന്ത് കോക്ക് നല്‍കിയ റിവ്യു

Aswanth Kok, Turbo review, Mammootty Kampany, Aswanth Kok Turbo Review
രേണുക വേണു| Last Modified ശനി, 25 മെയ് 2024 (09:12 IST)

Mammootty Kampany: പ്രമുഖ റിവ്യുവര്‍ അശ്വന്ത് കോക്കിന്റെ ടര്‍ബോ റിവ്യു മമ്മൂട്ടിക്കമ്പനി നീക്കം ചെയ്തതായി പരാതി. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മേയ് 23 നാണ് തിയറ്ററുകളിലെത്തിയത്. അന്നേ ദിവസം തന്നെ അശ്വന്ത് കോക്ക് വീഡിയോ റിവ്യു ചെയ്തിരുന്നു. ഈ റിവ്യു കോപ്പി റൈറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് മമ്മൂട്ടിക്കമ്പനി നീക്കം ചെയ്‌തെന്നാണ് അശ്വന്ത് കോക്ക് ആരോപിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കമ്പനിയാണ് ടര്‍ബോ നിര്‍മിച്ചിരിക്കുന്നത്. ശരാശരിയേക്കാള്‍ താഴ്ന്ന നിലവാരം പുലര്‍ത്തുന്ന ചിത്രമെന്നാണ് ടര്‍ബോയ്ക്ക് അശ്വന്ത് കോക്ക് നല്‍കിയ റിവ്യു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റിവ്യു യുട്യൂബില്‍ നിന്ന് അടക്കം നീക്കം ചെയ്യപ്പെട്ടത്. കോപ്പി റൈറ്റ് പരാതിയെ തുടര്‍ന്നാണ് റിവ്യു നീക്കം ചെയ്തിരിക്കുന്നതെന്നാണ് അശ്വന്ത് കോക്കിനു മെയില്‍ വന്നിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അശ്വന്ത് തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

മമ്മൂട്ടിക്കമ്പനിയില്‍ നിന്ന് ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നാണ് മമ്മൂട്ടി ആരാധകര്‍ അടക്കം പ്രതികരിച്ചത്. ടര്‍ബോയ്ക്കു നെഗറ്റീവ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ മറ്റു ചില ഫെയ്‌സ്ബുക്ക് പോസ്റ്റുകളും മമ്മൂട്ടിക്കമ്പനി നീക്കം ചെയ്തതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം വിഷയത്തില്‍ മമ്മൂട്ടിക്കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ ടര്‍ബോ ബോക്‌സ് ഓഫീസില്‍ നിന്ന് കോടികളാണ് വാരിക്കൂട്ടിയത്. ആദ്യദിനത്തിലെ വേള്‍ഡ് വൈഡ് കളക്ഷന്‍ 17.5 കോടിയാണ്. രണ്ടാം ദിനത്തിലെ കളക്ഷന്‍ കൂടിയാകുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടി കടക്കുമെന്നാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :