Turbo Movie: റിലീസിന് ഇനി രണ്ടാഴ്ചയില്ല, ഇതുവരെ ടീസര്‍ പോലും ഇറക്കിയില്ല; മമ്മൂട്ടി കമ്പനിയുടെ പ്രൊമോഷന്‍ വളരെ മോശമെന്ന് ആരാധകര്‍

നല്ല സിനിമകള്‍ ചെയ്താല്‍ മാത്രം പോരാ, അതിനു വേണ്ടവിധം പ്രൊമോഷന്‍ നല്‍കാനും മമ്മൂട്ടി കമ്പനി ശ്രദ്ധിക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം

Turbo, Mammootty, Mammootty in Turbo, Turbo Film Review
Mammootty (Turbo)
രേണുക വേണു| Last Modified വ്യാഴം, 9 മെയ് 2024 (13:27 IST)

Turbo Movie: മമ്മൂട്ടി ചിത്രം ടര്‍ബോയുടെ പ്രചാരണം മന്ദഗതിയില്‍ പോകുന്നതില്‍ ആരാധകര്‍ക്ക് അതൃപ്തി. വന്‍ മുതല്‍മുടക്കില്‍ വരുന്ന ചിത്രത്തിനു ഇത്ര കുറവ് പ്രചരണം മതിയോ എന്നാണ് ആരാധകരുടെ ചോദ്യം. മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിക്കുന്നത്. മേയ് 23 ന് ചിത്രം തിയറ്ററുകളിലെത്തും. റിലീസിനു രണ്ടാഴ്ച മാത്രം ശേഷിക്കെ ടീസര്‍ പോലും ഇറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മമ്മൂട്ടി ആരാധകര്‍ ചോദിക്കുന്നു.

നല്ല സിനിമകള്‍ ചെയ്താല്‍ മാത്രം പോരാ, അതിനു വേണ്ടവിധം പ്രൊമോഷന്‍ നല്‍കാനും മമ്മൂട്ടി കമ്പനി ശ്രദ്ധിക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ വിജയമായ കണ്ണൂര്‍ സ്‌ക്വാഡ് നൂറ് കോടി ക്ലബില്‍ കയറേണ്ടതായിരുന്നു. റിലീസിനു വേണ്ടവിധം പ്രൊമോഷന്‍ നല്‍കാത്തതും മലയാളത്തിനു പുറത്ത് മറ്റു ഭാഷകളില്‍ ഇറക്കാത്തതുമാണ് നൂറ് കോടി നേട്ടത്തില്‍ നിന്ന് കണ്ണൂര്‍ സ്‌ക്വാഡിനെ അകറ്റിയത്. അത്തരമൊരു മണ്ടത്തരമാണ് മമ്മൂട്ടി കമ്പനി ഇപ്പോള്‍ ചെയ്യുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

50 കോടിയിലേറെ ചെലവുള്ള സിനിമയാണ് ടര്‍ബോ. മമ്മൂട്ടിക്ക് പുറമേ തെന്നിന്ത്യയിലെ ശ്രദ്ധേയരായ സൂപ്പര്‍താരങ്ങളും വേഷമിടുന്നു. എന്നിട്ടും അതിനൊത്ത ഹൈപ്പ് പടത്തിനു കിട്ടിയിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ടീസറും ട്രെയ്‌ലറും ഉടന്‍ ഇറക്കുകയെങ്കിലും ചെയ്യണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് ടര്‍ബോ സംവിധാനം ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :