വായ തുറന്നാല്‍ സ്ത്രീ വിരുദ്ധത മാത്രം; ബിഗ് ബോസിലെ ഏറ്റവും വലിയ പുഴുക്കുത്ത് അഖില്‍ മാരാര്‍ തന്നെ !

ഭാര്യയെ അടിക്കുന്നതില്‍ എന്തെങ്കിലും തെറ്റുള്ളതായി പോലും അഖില്‍ അവിടെ സമ്മതിക്കുന്നില്ല

രേണുക വേണു| Last Modified ശനി, 22 ഏപ്രില്‍ 2023 (09:09 IST)

ബിഗ് ബോസ് മലയാളം ഫൈവിലെ മത്സരാര്‍ഥികളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പിന്തുണ ലഭിക്കുന്ന ഒരാളാണ് അഖില്‍ മാരാര്‍. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും വിമര്‍ശിക്കപ്പെടേണ്ട റദ്ദ് ചെയ്യപ്പെടേണ്ട രാഷ്ട്രീയമാണ് അഖില്‍ മാരാര്‍ ബിഗ് ബോസ് വീടിനുള്ളില്‍ ഓരോ ദിവസവും പങ്കുവയ്ക്കുന്നത്. 'അഖില്‍ മാരാറിന് പൊളിറ്റിക്കല്‍ കറക്ടനസ് ഇല്ല' എന്നു പറഞ്ഞുകൊണ്ട് എന്തും വിളിച്ചുപറയാമെന്നാണ് അഖില്‍ മാരാര്‍ കരുതുന്നത്. വായ തുറന്നാല്‍ സ്ത്രീ വിരുദ്ധതയും മനുഷ്യത്ത വിരുദ്ധതയും മാത്രം പറയുന്ന അഖില്‍ മാരാര്‍ ബിഗ് ബോസ് വീടിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം അര്‍ഹിക്കുന്ന മത്സരാര്‍ഥിയാണ്.

മറ്റൊരു മത്സരാര്‍ഥിയായ ശോഭയോട് കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അഖില്‍ മാരാര്‍ പറഞ്ഞ വാക്കുകള്‍ അങ്ങേയറ്റം അരോചകവും സ്ത്രീവിരുദ്ധവുമാണ്. 'എല്ലാ പെണ്ണുങ്ങളുടേയും പ്രശ്‌നങ്ങള്‍ ഒരുപോലെയാണ്' എന്ന ജനറലൈസേഷനിലേക്കാണ് അഖില്‍ മാരാര്‍ എത്തുന്നത്. ആണുങ്ങളുടെ പ്രശ്‌നങ്ങളെല്ലാം വലുതും പെണ്ണുങ്ങളുടെ പ്രശ്‌നങ്ങളെല്ലാം ചെറുതും. ഒരു മെയില്‍ ഷോവനിസ്റ്റിന് മാത്രം പറയാന്‍ പറ്റുന്ന വാക്കുകളാണ് ഇതെല്ലാം. അങ്ങനെയൊരു മത്സരാര്‍ഥിയെ പിന്തുണയ്ക്കണോ എന്ന് പ്രേക്ഷകര്‍ വിചിന്തനം ചെയ്യണം.

' എല്ലാ പെണ്ണുങ്ങള്‍ക്കും ഒരേ അനുഭവമാണ്. നിന്റെ അനുഭവം എന്റെ ഭാര്യക്കുണ്ട്. ഞാനും എന്റെ ഭാര്യയെ അടിച്ചിട്ടുണ്ട്. ഈ വീട്ടിലെ പ്രശ്‌നങ്ങള്‍ അല്ലെ പെണ്ണുങ്ങള്‍ക്ക് ഉള്ളൂ' ശോഭയോട് അഖില്‍ മാരാര്‍ പറഞ്ഞ വാക്കുകളാണ്. സ്വന്തം ഭാര്യയെ അടിച്ചിട്ടുണ്ടെന്ന് യാതൊരു കുറ്റബോധവും ഇല്ലാതെയാണ് അഖില്‍ ബിഗ് ബോസ് പോലൊരു ഷോയില്‍ ഇരുന്ന് വിളിച്ചുപറയുന്നത്. ഭാര്യയെ അടിക്കുന്നതില്‍ എന്തെങ്കിലും തെറ്റുള്ളതായി പോലും അഖില്‍ അവിടെ സമ്മതിക്കുന്നില്ല. ഈ കാഴ്ചപ്പാടോടെയാണ് അഖില്‍ ദിവസങ്ങളായി ബിഗ് ബോസ് വീട്ടില്‍ കഴിച്ചുകൂട്ടിയത്. ഓരോ ദിവസം കഴിയും തോറും തന്നിലെ സ്ത്രീവിരുദ്ധനെ കൂടുതല്‍ പരസ്യമാക്കുകയാണ് അഖില്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :