'അറുപതോളം ദിവസം മരുഭൂമിയില്‍ ഒറ്റപ്പെട്ടു'; ആശങ്ക നിറഞ്ഞ കാലം, പ്രതിസന്ധിയെ ഒരുമിച്ച് നേരിട്ട് 'ആടുജീവിതം' ടീം,വീഡിയോ
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (08:26 IST)
മലയാളി സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിതം'.2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും പിന്നിട്ട് 2022 ജൂലൈയിലാണ് മുഴുവന്‍ ചിത്രീകരണവും ബ്ലെസി പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ കോവിഡ് കാലത്ത് 60 ഓളം ദിവസങ്ങള്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ടത് എങ്ങനെയാണ് ടീം തരണം ചെയ്തത് എന്നതിനെക്കുറിച്ചുളള പിന്നാമ്പുറ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറക്കാര്‍
2020 മാര്‍ച്ച് 9-നായിരുന്നു രണ്ടാം ഷെഡ്യൂള്‍ ഷൂട്ട് ചെയ്യാനായി ആടുജീവിതം സംഘം ജോര്‍ദാനിലേക്ക് പോയത്.കോവിഡ്-19 മഹാമാരി ലോകത്തെ ബാധിച്ചത് അറിഞ്ഞപ്പോള്‍ സംഘത്തിന് ആശങ്കയായി.
വെല്ലുവിളികള്‍ നിറഞ്ഞ ദിനങ്ങളായിരുന്നു പിന്നീട് കടന്നുപോയത്. ഈ ദുഷ്‌കരമായ സമയത്ത് ഒന്നിച്ചു നില്‍ക്കാനുള്ള പാഠമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് മഹാമാരി പഠിപ്പിച്ചുകൊടുത്തത്. കോവിഡ്-19 മഹാവ്യാധിയുടെ ആദ്യ നാളുകളില്‍ ജോര്‍ദാനിലെ വാദി റം എന്ന പ്രദേശം വഴി ആടുജീവിതത്തിന്റെ വീഡിയോ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.
ബ്ലെസ്സിയുടെ സിനിമ മാജിക് ഫ്രെയിംസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയിരിക്കും. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.