Last Updated:
ചൊവ്വ, 22 നവംബര്‍ 2016 (18:50 IST)
മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ ഇതിനോടകം തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ പ്രൊജക്ടാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് മുരളി ഗോപി. ഈ സിനിമ ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെതിരെ കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെ രംഗത്തെത്തിയിരുന്നു.
അടുത്ത വര്‍ഷം ലൂസിഫര്‍ സംഭവിക്കുമെന്നാണ് നിര്‍മ്മാതാവ് അറിയിച്ചിരിക്കുന്ന വിവരം. എന്നാല്‍ പൃഥ്വിരാജിന് അടുത്ത വര്‍ഷം അഭിനയിച്ചുതീര്‍ക്കാനുള്ള പ്രൊജക്ടുകളെപ്പറ്റി കേള്‍ക്കുമ്പോള്‍ ലൂസിഫറിനായി കാത്തിരിക്കുന്നവര്‍ക്ക് ചെറിയ ആശങ്കയുണ്ടാകും. രണ്ട് ബ്രഹ്മാണ്ഡ സിനിമകളാണ് അടുത്ത വര്‍ഷം പൃഥ്വിരാജിന് അഭിനയിച്ച് പൂര്‍ത്തിയാക്കാനുള്ളത്.
ആര് എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്ണന്, ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്നിവയാണ് അവ. ഇതില്‍ കര്ണന് 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ്. ആടുജീവിതത്തിനും മുപ്പത് കോടിയോളം ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ മാസങ്ങള്‍ നീളുന്ന ഡേറ്റ് ഈ സിനിമകള്‍ക്ക് ആവശ്യമുണ്ട്. മൈ സ്റ്റോറി, ടിയാന് തുടങ്ങിയ സിനിമകളുടെ ജോലികളും അടുത്ത വര്‍ഷം അഭിനയിക്കേണ്ട ചെറുസിനിമകളുടെ വര്‍ക്കുകളും വേറെയുമുണ്ട്.
ഇതിനിടയില്‍ ലൂസിഫര്‍ എന്ന പ്രൊജക്ടിനായി ആറുമാസത്തോളം സമയം നീക്കിവയ്ക്കാന്‍ പൃഥ്വിരാജിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.